| Friday, 3rd July 2026, 1:24 pm

ടി - 20 ലോകകപ്പിന് ശേഷം സഞ്ജു കാര്യമായി ഒന്നും ചെയ്തിട്ടില്ല; വൈഭവിനെ കളിപ്പിക്കണമെന്ന് മുന്‍ താരം

ഫസീഹ പി.സി.

യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. സ്‌പോര്‍ട്‌സില്‍ ടൈമിങ്ങിന് വലിയ പ്രാധാന്യമുണ്ടെന്നും വൈഭവ് സൂര്യവംശി ഫോമിലും ആത്മവിശ്വാസത്തിലുമുള്ള ഈ സമയത്താണ് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടി – 20 ലോകകപ്പിന് ശേഷം സഞ്ജു സാംസണിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ പിന്തുണക്കുന്നില്ലെങ്കിലും ഫോമിലുള്ള സൂര്യവംശി പുറത്തിരിക്കുമ്പോള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

‘ഒരു കളിക്കാരന്‍ ഫോമിലായിരിക്കുമ്പോളാണ് അവസരം നല്‍കേണ്ടത്. കാരണം സ്‌പോര്‍ട്‌സില്‍ ടൈമിങ്ങിന് വലിയ പ്രാധാന്യമുണ്ട്. ഫോമിലല്ലാത്ത സമയത്ത് കളിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. കായികരംഗത്ത് ആത്മവിശ്വാസമാണെല്ലാം. ഇപ്പോള്‍ വൈഭവ് സൂര്യവംശി വലിയ ആത്മവിശ്വാസത്തിലാണ്. അതിനാല്‍ അവന്‍ തീര്‍ച്ചയായും കളിക്കണം.

കൂടാതെ, ടി – 20 ലോകകപ്പിന് ശേഷം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെന്ന കാര്യം നമ്മള്‍ മറക്കരുത്. ലോകകപ്പിന് ശേഷം കാര്യമായൊന്നും ചെയ്യാന്‍ അവന് സാധിച്ചിട്ടില്ല. ഞാന്‍ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ പിന്തുണക്കുന്നില്ലെങ്കിലും ഫോമിലുള്ള സൂര്യവംശി പുറത്തിരിക്കുമ്പോള്‍ ഇതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,’ ബദ്രിനാഥ് പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങിയ സഞ്ജുവിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലും താരം നിരാശപ്പെടുത്തിയിരുന്നു. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങള്‍ അഞ്ച് റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ ഏഴ് പന്തുകള്‍ നേരിട്ട് ഒരു റണ്ണിനും പുറത്തായി.

അതേസമയം, അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള ടീമില്‍ വൈഭവ് ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍, താരത്തിന് ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ സാധിച്ചിട്ടില്ല.

Content Highlight: S Badrinath says that Indian management could consider Vaibhav Sooryavanshi instead of Sanju Samson

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more