2026 ടി – 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. വിന്‍ഡീസിനെ തോല്‍പ്പിച്ച് സെമിയുറപ്പിച്ച ഇന്ത്യ അതിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. മാര്‍ച്ച് അഞ്ചിന് ഷെഡ്യൂള്‍ ചെയ്ത രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.
ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുമെന്ന് പറയുകയാണ് മുന്‍ താരം എസ്. ബദ്രിനാഥ്. ബാറ്റിങ്ങില്‍ ഹാരി ബ്രൂക്കും ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറും ആദില്‍ റഷീദും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്. ബദ്രിനാഥ്. Photo: Crickit/x.com
ഇന്ത്യയ്ക്ക് മത്സരത്തില്‍ മുന്‍തൂക്കമുണ്ടെങ്കിലും ഇംഗ്ലണ്ടിനെ എഴുതിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.
‘മൂന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തും. ഒന്ന് ഹാരി ബ്രൂക്കാണ്. അവന്‍ മികച്ച ഫോമിലാണ്. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറും ആദില്‍ റഷീദുമാകും വെല്ലുവിളിയാവുക.
ആര്‍ച്ചര്‍ക്ക് വാംഖഡെയിലെ ബൗണ്‍സ് മുതലെടുക്കാന്‍ സാധിക്കും. ആദില്‍ റഷീദ് സ്ലോ ബോളുകള്‍ ഏറിയും. അത്തരം ബൗളുകള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിക്കേണ്ടി വരും.
നിലവില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ തള്ളിക്കളയാനാവില്ല. അവര്‍ക്ക് മികച്ച ബൗളിങ് യൂണിറ്റുണ്ട്. ഒപ്പം കരുത്തുറ്റ സ്പിന്‍ നിരയും ടീമിന്റെ മുതല്‍ക്കൂട്ടാണ്,’ ബദ്രിനാഥ് പറഞ്ഞു.
ഇംഗ്ലണ്ട് ടീം. Photo: England Cricket/x.com
ലോകകപ്പില്‍ ഇതുവരെ ഇംഗ്ലണ്ടിനായി ഈ മൂന്ന് താരങ്ങളും മികച്ച പ്രകടനമാണ് നടത്തുന്നത്. ഹാരി ബ്രൂക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് 228 റണ്‍സെടുത്തിട്ടുണ്ട്. റഷീദ് 11 വിക്കറ്റുകള്‍ എടുത്തപ്പോള്‍ ആര്‍ച്ചര്‍ പത്ത് വിക്കറ്റുകളും നേടി. ഇവര്‍ക്ക് പുറമെ, ലിയാം ഡോസണ്‍ (10), ജെയ്മി ഒവേര്‍ട്ടണ്‍ (9), വില്‍ ജാക്സ് (7) എന്നിവരുമുണ്ട്.
Content Highlight: S. Badrinath says that England’s Harry Brook, Jofra Archer and Adil Rashid could challenge Indian players in T20 World Cup 2026