രാജസ്ഥാന്‍ റോയല്‍സ് ടീമിലെ റിയാന്‍ പരാഗിന്റെ സാന്നിധ്യമായിരിക്കാം സഞ്ജു സാംസണെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യമറിയിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ബദ്രിനാഥിന്റെ പ്രതികരണം.
‘റിയാന്‍ പരാഗാണ് അതിന്റെ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. അവനെ ക്യാപ്റ്റനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ പോലെ ഒരാള്‍ ടീമില്‍ നില്‍ക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?,’ ബദ്രിനാഥ് പറഞ്ഞു.
ഐ.പി.എല്‍ 2026ന് മുന്നോടിയായി തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചുവെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ പിന്നാലെ താരം ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ സഞ്ജു ചെന്നൈയിലെത്തിയാല്‍ താരം എവിടെ കളിക്കുമെന്നും ബദ്രിനാഥ് ചോദിച്ചു. സഞ്ജു ടീമിലെത്തിയാല്‍ ധോണിക്ക് ഒരു പകരക്കാരനായി മാറിയേക്കാം. ആദ്യ മൂന്നോ നാലോ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു താരമാണ് സഞ്ജുവെന്നും ഇലവനില്‍ അഞ്ചാമതോ ആറാമതായോ ആയി ഇറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സി.എസ്.കെയുടെ പ്ലെയിങ് ഇലവന്‍ വളരെ ശക്തമാണ്. ആയുഷ് മാഹ്‌ത്രെ, ഋതുരാജ് ഗെയ്ക്വാദ്, ബ്രെവിസ് എന്നിവര്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ നടത്തിയ ട്രേഡ് പോലെ സി.എസ്.കെ ചെയ്യുമെന്ന് എനിക്ക് ഉറപ്പില്ല.
ഇനി അങ്ങനെ ചെയ്താലും അവനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന ചോദ്യം ബാക്കിയാണ്,’ ബദ്രിനാഥ് പറഞ്ഞു.
Content Highlight: S Badrinath says that Riyan Parag could be the reason behind Sanju Samson reportedly leaving Rajasthan Royals