| Thursday, 16th January 2025, 9:08 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു പുറത്ത് തന്നെ; സൂപ്പര്‍ താരത്തിന്റെ ടീമില്‍ ഇടമില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഫെബ്രുവരിയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഒരു പതിറ്റാണ്ടോളം നീണ്ട കിരീട വരള്‍ച്ചയ്ക്ക് ശേഷം സ്വന്തമാക്കിയ ടി-20 ലോകകപ്പിന് കൂട്ടായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫിലെത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഒപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലടക്കം നേരിട്ട തിരിച്ചടികള്‍ക്കും അപമാനത്തിനും ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലൂടെ മറുപടി നല്‍കാനും രോഹിത്തിനും സംഘത്തിനും സാധിക്കും.

ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മിക്ക ടീമുകളും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ സ്‌ക്വാഡിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള തന്റെ സ്‌ക്വാഡ് തെരഞ്ഞെടുക്കുകയാണ് മുന്‍ താരം എസ്. ബദ്രിനാഥ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് ബദ്രിനാഥ് തെരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ് ബദ്രിനാഥ് തെരഞ്ഞെടുത്ത സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, അന്താരാഷ്ട്ര ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം കുറിക്കാത്ത യശസ്വി ജെയ്‌സ്വാള്‍ സ്‌ക്വാഡിന്റെ ഭാഗമാണ് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

എസ്. ബദ്രിനാഥ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്*, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, കെ.എല്‍. രാഹുല്‍, മുകേഷ് കുമാര്‍.

*കുല്‍ദീപ് യാദവ് പരിക്കില്‍ നിന്നും മുക്തനായില്ലെങ്കില്‍ പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുള്ളത്.

ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

Content Highlight: S Badrinath picks India’s Champions Trophy squad, No place for Sanju Samson

We use cookies to give you the best possible experience. Learn more