| Thursday, 3rd September 2026, 8:56 am

ഗംഭീറിന്റെ വേണ്ടപ്പെട്ടവരെല്ലാം തിരിച്ചെത്തിയല്ലോ അല്ലേ; കടുത്ത വിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരം

ആദർശ് എം.കെ.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള ടീം സെലക്ഷനില്‍ കടുത്ത വിമര്‍ശനവുമായി മുന്‍ താരം എസ്. ബദ്രിനാഥ്. പ്രധാന പരിശീലകന്‍ ഗൗതം ഗംഭീറിന് പ്രിയപ്പെട്ടവര്‍ ടീമില്‍ മടങ്ങിയെത്തിയെന്നായിരുന്നു ബദ്രിനാഥിന്റെ വിമര്‍ശനം.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എസ്. ബദ്രിനാഥ്

പരിക്കിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് ബദ്രിനാഥിന്റെ ഈ നിരീക്ഷണം.

‘ഒറ്റനോട്ടത്തില്‍, കോച്ചിന്റെ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തിയിട്ടുണ്ട്. വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അത് അദ്ദേഹം ശരിക്കും പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

കൂടാതെ, നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരു ബൗളര്‍ എന്ന നിലയില്‍ ഞാന്‍ അത്ര ഉയര്‍ന്ന രീതിയില്‍ വിലയിരുത്തുന്നില്ല. ഒരു മികച്ച ബൗളിങ് ഓള്‍റൗണ്ടര്‍ എന്നതിലേക്കാളുപരി അദ്ദേഹത്തെ ഇപ്പോഴും ഒരു ബാറ്ററായാണ് ഞാന്‍ കാണുന്നത്,’ ബദ്രിനാഥ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ ഇടത് കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബുംറയുടെ തിരിച്ചുവരവിനെ പോസിറ്റീവായാണ് ബദ്രിനാഥ് വിലയിരുത്തി. ഒപ്പം സഞ്ജു ടീമിലേക്ക് തിരിച്ചെത്തിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു.

സഞ്ജു സാംസണും ജസ്പ്രീത് ബുംറയും. Photo: BCCI

‘ബുംറയുടെ തിരിച്ചുവരവ് ഒരു വലിയ പോസിറ്റീവ് കാര്യമാണ്. വളരെക്കാലമായി ക്രിക്കറ്റ് കളിക്കാത്തതിനാല്‍ ഈ മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ താത്പര്യമുണ്ടെന്ന് ബുംറ തന്നെ ഗംഭീറിനോടോ സെലക്ഷന്‍ കമ്മിറ്റിയോടോ വിളിച്ച് പറഞ്ഞിട്ടുമുണ്ടാകാം. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാതിരിക്കാന്‍ കഴിയില്ല.

‘സഞ്ജു സാംസണിന്റെ സെലക്ഷനും എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ കാര്യത്തില്‍ അവര്‍ ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. അതുകൊണ്ട് അദ്ദേഹം തിരികെ എത്തിയത് കാണുന്നത് നല്ല കാര്യമാണ്,’ സുബ്രഹ്മണ്യം ബദ്രിനാഥ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ കളിച്ചെങ്കിലും പിന്നീട് നടന്ന സിംബാബ്‌വേ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു.

സെപ്റ്റംബര്‍ 13, 15, 17 തീയതികളിലാണ് ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദല്‍ഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് മൂന്ന് ടി-20കള്‍ക്കും വേദിയാവുക.

Content Highlight: S Badrinath on India’s team selection against Afghanistan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more