ടി – 20 ലോകകപ്പില്‍ ഇന്ത്യയുമായി മത്സരം ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. ഇതിന് പിന്നാലെ പാക് ടീമിന് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
ഇപ്പോള്‍ പാക് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. ഈ ഇന്ത്യന്‍ ടീമിനെ നേരിടാനുള്ള ഭയം കൊണ്ടാണോ പിന്മാറ്റം എന്നാണ് അദ്ദേഹം ചോദിച്ചത്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് താരത്തിന്റെ പരിഹാസം.
നേരത്തെ, മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും പാക് ടീമിന്റെ ഈ തീരുമാനത്തില്‍ പ്രതികരിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്ക് എതിരെ കളിക്കില്ലെന്ന നിലപാട് പാക് താരങ്ങള്‍ തിരുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പല മുന്‍ പാക് വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തിലേക്ക് തിരികെ എത്തിയിട്ടുണ്ടെന്ന ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് മുന്‍ നായകന്റെ പരാമര്‍ശം.
‘മുന്‍ പാക് താരങ്ങളില്‍ നിന്നുപോലും വിമര്‍ശനങ്ങളു യര്‍ത്തുന്നതിനാല്‍ പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് തിരുത്താനാണ് സാധ്യത. ഇതിലെന്താണ് പുതുമ? പല പാക് താരങ്ങളും വിരമിക്കല്‍ പിന്‍വലിച്ച് കളിക്കാനിറങ്ങിയിട്ടുണ്ട്. അതുപോലെ വീണ്ടും നടന്നേക്കാം. സ്വന്തം തീരുമാനങ്ങളില്‍ നിന്ന് യു ടേണ്‍ അടിക്കുന്നതില്‍ എന്താണ് പ്രശ്‌നം? എനിക്കതില്‍ കുഴപ്പമൊന്നും തോന്നുന്നില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.
സുനിൽ ഗവാസ്കർ. Photo: Gillfied⁷/xc.om
അതേസമയം, ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത് ഫെബ്രുവരി 15ആണ്. ശ്രീലങ്കയിലെ കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പാക് അറിയിച്ചത്.
മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാവുമെന്ന് ഐ.സി.സി അറിയിച്ചിട്ടുണ്ട്. പി.സി.ബിയുടെ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത് വരെ കാത്തിരിക്കുകയാണെന്നും ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight: S. Badrinath mocks Pakistan’s decision to boycott India – Pak match in T20 World Cup