സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ മനസ് തുറന്ന് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. സൂര്യകുമാര്‍ യാദവ് ഒരു മികച്ച നായകനായിരുന്നുവെന്നും അടുത്ത ടി – 20 ലോകകപ്പ് പരിഗണിക്കുമ്പോള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീം തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുമെന്നും എന്നാല്‍ കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണുന്നതും പ്രധാനമാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലാം ടി – 20ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടെന്‍ ഡോഷേറ്റ്.
‘ഇന്ത്യയെപ്പോലെയുള്ള ഒരു ടീമിനെ നിയന്ത്രിക്കുമ്പോഴോ പരിശീലിപ്പിക്കുമ്പോഴോ, നിങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. സൂര്യകുമാര്‍ യാദവ് ഒരു മികച്ച നായകനായിരുന്നു. എന്നാല്‍ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന രണ്ട് വര്‍ഷത്തിന് ശേഷമുള്ള ടൂര്‍ണമെന്റിനെ (2028 ടി – 20 ലോകകപ്പ്) പരിഗണിക്കുമ്പോള്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും.
അതിനെക്കുറിച്ച് ലക്ഷക്കണക്കിന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരും എന്നതില്‍ സംശയമില്ല. പുതിയ ക്യാപ്റ്റനിലേക്കുള്ള മാറ്റവും, പിന്നാലെ അയര്‍ലാന്‍ഡിനോട് രണ്ട് മത്സരങ്ങള്‍ തോറ്റതും, ഇംഗ്ലണ്ടിനെതിരെ മൂന്നില്‍ മൂന്നും പരാജയപ്പെട്ടതും പുറത്തുനിന്ന് നോക്കുമ്പോള്‍ അത്ര നല്ലൊരു ചിത്രമല്ല നല്‍കുന്നത്. എന്നാല്‍ കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കിക്കാണുന്നതും പ്രധാനമാണ്,’ ടെന്‍ ഡോഷേറ്റ് പറഞ്ഞു.
ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും.
അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയാണ് സൂര്യയെ ക്യാപ്റ്റന്‍സി സ്ഥാനത്ത് നിന്ന് നീക്കിയത്. ടി – 20 ലോകകപ്പ് നേടികൊടുത്തതിന് പിന്നാലെയായിരുന്നു ഈ നീക്കം. പുതിയ ടി – 20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ നിയമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ക്യാപ്റ്റനായതിന് ശേഷം നടന്ന ഒരു മത്സരത്തിലും ശ്രേയസ് ഇന്ത്യന്‍ ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലും ടീം തോല്‍വി വഴങ്ങി.
Content Highlight: Ryan Ten Doeschate speaks about removing Suryakumar Yadav from T20I team