| Saturday, 2nd May 2026, 8:50 pm

ഫോറടിക്കാതെ സ്വന്തം ക്യാപ്റ്റനൊപ്പം; റിക്കൽട്ടണിന്റെ സിക്സർ മഴ തകർത്തത് 11 വർഷത്തെ റെക്കോഡ്

Sudev A

2026 ഐപിഎല്ലിലെ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ഇന്ന് വിജയം അനിവാര്യമാണ്. സി.എസ്.കെയുടെ തട്ടകമായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വില്‍ ജാക്സിനെ മുംബൈക്ക് നഷ്ടമായി. അഞ്ച് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയാണ് താരം മടങ്ങിയത്. എന്നാല്‍ റിയാന്‍ റിക്കല്‍ട്ടണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ചെപ്പോക് സാക്ഷ്യം വഹിച്ചത്.

24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ഈ ഇന്നിങ്‌സില്‍ ഫോറുകള്‍ ഉണ്ടായിരുന്നില്ല. അഞ്ച് സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ഇതോടെ ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഫോറുകള്‍ നേടാതെ ഏറ്റവുമധികം റണ്‍സ് നേടുന്ന മുംബൈ താരങ്ങളുടെ പട്ടികയിലും റിക്കല്‍ട്ടണ്‍ ഇടം നേടി. ഈ പട്ടികയില്‍ രണ്ടാമനായാണ് സൗത്ത് ആഫ്രിക്കന്‍ താരം മാറിയത്.

നിലവില്‍ ഈ റെക്കോഡില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പമാണ് റിക്കല്‍ട്ടണ്‍. 2020 സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയായിരുന്നു ഹര്‍ദിക് ഇത്തരത്തില്‍ 37 റണ്‍സ് നേടിയത്. 2015ല്‍ ചെന്നൈക്കെതിരെ 36 റണ്‍സ് ഇത്തരത്തില്‍ നേടിയ അമ്പാട്ടി റായിഡുവിനെയാണ് റിക്കല്‍ട്ടണ്‍ മറികടന്നത്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് നിതീഷ് റാണയാണ്. 2017ല്‍ 62 റണ്‍സാണ് റാണ പഞ്ചാബിനെതിരെ സിക്സിലൂടെ മാത്രം അടിച്ചെടുത്തത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങാന്‍ റിക്കല്‍ട്ടണിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയാണ് റിയാന്‍ തിളങ്ങിയത്. 55 പന്തില്‍ 10 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 123* റണ്‍സ് നേടി പുറത്താകാതെയാണ് റിയാന്‍ ബാറ്റ് ചെയ്തത്. കഴിഞ്ഞ മത്സരത്തിലെ സമാനമായ വെടിക്കെട്ട് പ്രകടനം ഈ മത്സരത്തിലും ആവര്‍ത്തിക്കുകയായിരുന്നു റിക്കല്‍ട്ടണ്‍.

അതേസമയം ആദ്യ എല്‍ ക്ലാസിക്കോയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും ചെന്നൈ സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുക. മറുവശത്ത് വാംഖഡെയില്‍ പരാജയപ്പെട്ടതിന് പകരം വീട്ടുക എന്നതാവും മുംബൈയുടെ ലക്ഷ്യം.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജെയ് ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, മുകേഷ് ചൗധരി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

വില്‍ ജാക്‌സ്, റയാന്‍ റിക്കെല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, നമന്‍ ധീര്‍, തിലക് വര്‍മ്മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, അള്ളാഹ് ഗസന്‍ഫര്‍.

Content Highlight: Ryan Rickelton set huge record for Mumbai Indians in IPL 2026

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more