ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മിന്നും വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ബാറ്റിങ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ പ്ലേ ഓഫിലേക്ക് കടക്കാനും റോയല്‍സിന് സാധിച്ചു.
മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിയാന്‍ റിക്കിള്‍ട്ടണിന് ഏഴ് പന്തില്‍ 12 റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. ഒരു സിക്‌സും ഒരു ഫോറുമായിരുന്നു സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പറാകാനാണ് റിക്കിള്‍ട്ടണിന് സാധിച്ചത്. ഈ നേട്ടത്തില്‍ പ്രോട്ടിയാസി താരം ഹെന്റിക് താരത്തിനൊപ്പമാണ് റിക്കിള്‍ട്ടണ്‍ സ്ഥാനം പിടിച്ചത്. 2024ല്‍ ക്ലാസന്‍ ഈ നേട്ടത്തിലെത്തിയിരുന്നു.
റിയാന്‍ റിക്കിള്‍ട്ടണ്‍ – 38 (2026)
ഹെന്റിക് ക്ലാസന്‍ – 38 (2024)
റിഷബ് പന്ത് – 37 (2018)
കെ.എല്‍. രാഹുല്‍ – 32 (2018)
മുംബൈയ്ക്ക് വേണ്ടി 42 പന്തില്‍ 60 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 34 റണ്‍സും വില്‍ ജാക്‌സ് 33 റണ്‍സും നേടിയിരുന്നു.
രാജസ്ഥാന്‍ ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍ മൂന്ന് വിക്കറ്റും നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പുഞ്ച എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്വന്തമാക്കി.
ധ്രുവ് ജുറെലാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജോഫ്ര അര്‍ച്ചറുടെ പ്രകടനവും നിര്‍ണായകമായി. 15 പന്തില്‍ 32 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒരു ഫോറും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
മുംബൈ ബൗളിങ്ങില്‍ ദീപക് ചഹര്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വില്‍ ജാക്സ്, അല്ലാഹ് ഗസന്‍ഫര്‍, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
അതേസമയം ഐ.പി.എല്ലില്‍ ഇന്ന് മത്സരങ്ങളില്ല. ഏപ്രില്‍ 26നാണ് ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഏപ്രില്‍ 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും.
Content Highlight: Ryan Rickelton In Great Record Achievement In IPL With Heinrich Klaasen