| Wednesday, 29th April 2026, 11:05 pm

ഒറ്റ സെഞ്ച്വറികൊണ്ട് ഇവന്‍ തിരുത്തിയത് മുംബൈയുടെ ചരിത്രം!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ മത്സരമാണ് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.

മുംബൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് റിയാന്‍ റിക്കള്‍ട്ടണാണ്. ഐ.പി.എല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയാണ് റിയാന്‍ മുംബൈയ്ക്ക് വേണ്ടി ആളിക്കത്തിയത്. 55 പന്തില്‍ 10 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 123* റണ്‍സ് നേടി പുറത്താകാതെയാണ് റിയാന്‍ ബാറ്റ് ചെയ്തത്. 223.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി മാറിയിരിക്കുകയാണ് റിയാന്‍.

ഈ നേട്ടത്തിലും ഇതിഹാസ താരം സനത് ജയസൂര്യയെ മറികടന്നാണ് റിയാന്‍ മുന്നേറിയത്. മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലും ജയസൂര്യയെ വെട്ടി റിയാന്‍ ഒന്നാമനായിരുന്നു.

മുംബൈയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്നവര്‍

(താരം, സ്‌കോര്‍, എതിരാളി എന്ന ക്രമത്തില്‍)

റിയാന്‍ റിക്കള്‍ട്ടണ്‍ – 123* – ഹൈദരാബാദ്

സനത് ജയസൂര്യ – 114* – ചെന്നൈ

ക്വിന്റണ്‍ ഡി കോക് – 112* – പഞ്ചാബ്

രോഹിത് ശര്‍മ – 109* – കൊല്‍ക്കത്ത

22 പന്തില്‍ 46 റണ്‍സ് നേടിയ വില്‍ ജാക്‌സും മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 15 പന്തില്‍ 31 റണ്‍സ് നേടി മടങ്ങി. മറ്റാര്‍ക്കും മുംബൈയ്ക്ക് വേണ്ടി തിളങ്ങാനായില്ല.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്.

Content Highlight: Ryan Rickelton Create Great Record For Mumbai Indians In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more