രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി മഹാരാഷ്ട്ര നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ പി.ഒ.ടി.എം പുരസ്‌കാരം സ്വന്തമാക്കിയ ഗെയ്ക്വാദ് ഇപ്പോള്‍ ചണ്ഡിഗഡിനെതിരെയും കളിയിലെ താരമായാണ് തിളങ്ങുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിന്റെ സൂചനകള്‍ കൂടിയാണ് താരത്തിന്റെ പ്രകടനം നല്‍കുന്നത്.
ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ 36 റണ്‍സും അടിച്ചെടുത്തു. ക്യാപ്റ്റന്റെ കരുത്തില്‍ ടീം 114 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി.
സ്‌കോര്‍
മഹാരാഷ്ട്ര: 313 & 359/3d
ചണ്ഡിഗഡ്: 209 & 319 (T:464)
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 313 റണ്‍സ് നേടി. 163 പന്തില്‍ 15 ഫോറിന്റെ അകമ്പടിയോടെ 116 റണ്‍സ് നേടിയ ക്യാപ്റ്റന് പുറമെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലെയും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും മഹാരാഷ്ട്ര നിരയില്‍ കരുത്തായി. നവാലെ 122 പന്തില്‍ 66 റണ്‍സും കുല്‍ക്കര്‍ണി 55 പന്തില്‍ 50 റണ്‍സും സ്വന്തമാക്കി.
ചണ്ഡിഗഡിനായി അഭിഷേക് സൈനിയും ജഗ്ജിത് സിങ്ങും മൂന്ന് വീതം വിക്കറ്റുകളും രമണ്‍ ബിഷ്‌ണോയ്, വിഷ്ണു കശ്യപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചണ്ഡിഗഡ് നിശുങ്ക് ബിര്‍ള (99 പന്തില്‍ പുറത്താകാതെ 56), രമണ്‍ ബിഷ്‌ണോയ് (121 പന്തില്‍ 54) എന്നിവരുടെ കരുത്തില്‍ പൊരുതിയെങ്കിലും മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാനോ ലീഡ് സ്വന്തമാക്കാനോ സാധിച്ചില്ല. ടീം 209ന് പുറത്തായി. 33 റണ്‍സ് നേടിയ ഓപ്പണര്‍ ശിവം ഭാംബ്രിയാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
ആദ്യ ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ മഹാരാഷ്ട്രയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ പൃഥ്വി ഷാ മികച്ച പ്രകടനം പുറത്തെടുത്തു.
ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായ താരം 156 പന്തില്‍ 222 റണ്‍സ് നേടിയാണ് രണ്ടാം ഇന്നിങ്‌സില്‍ തിളങ്ങിയത്. 29 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
സിദ്ധേഷ് വീര്‍ (83 പന്തില്‍ 62), ഋതുരാജ് ഗെയ്ക്വാദ് (35 പന്തില്‍ പുറത്താകാതെ 36), അര്‍ഷിന്‍ കുല്‍ക്കര്‍ണി (35 പന്തില്‍ 31) എന്നിവരുടെ കരുത്തില്‍ 359/3 എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
464 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചണ്ഡിഗഡ് 319ന് പുറത്തായി. 236 പന്ത് നേരിട്ട് 168 റണ്‍സ് നേടിയ അര്‍ജുന്‍ ആസാദാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മനന്‍ വോഹ്ര 58 റണ്‍സും രാജ് ബാവ 42 റണ്‍സും നേടി. മറ്റെല്ലാ താരങ്ങളും ഒറ്റയക്കത്തിനാണ് പുറത്തായത്.
രണ്ടാം ഇന്നിങ്‌സില്‍ മുകേഷ് ചൗധരിയും രാമകൃഷ്ണ ഘോഷും നാല് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ പ്രദീപ് ദാദെയും ജലജ് സക്‌സേനയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
സീസണിലെ ആദ്യ വിജയത്തോടെ മഹാരാഷ്ട്ര എലീറ്റ് ഗ്രൂപ്പ് ബി-യില്‍ ഒന്നാം സ്ഥാനത്തെത്തി. കേരളത്തിനെതിരായ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ഒരു ജയവും ഒരു സമനിലയുമായി ഒമ്പത് പോയിന്റാണ് ടീമിനുള്ളത്. കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട ചണ്ഡിഗഡ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനത്താണ്.
Content Highlight: Ruturaj Gaikwad wins back to back player of the match award in Ranji Trophy