സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം റായ്പൂരില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് റിതുരാജ് ഗെയ്ക്വാദും വിരാട് കോഹ്ലിയുമാണ്. സെഞ്ച്വറി നേടിയാണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.
മത്സരത്തില്‍ നാലാമനായി ഇറങ്ങി 83 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയാണ് ഗെയ്ക്വാദ് മടങ്ങിയത്. 12 ഫോറും രണ്ട് സിക്സുമാണ് താരത്തിന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. മാത്രമല്ല അന്താരാഷ്ട്ര ഏകദിനത്തില്‍ ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.
Virat Kohli And Ruturaj, BCCI/x.com
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ കന്നി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഗെയ്ക്വാദിന് സാധിച്ചത്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സെവാഗിനെയും മറികടന്നാണ് താരം റെക്കോഡ് ലിസ്റ്റില്‍ രണ്ടാമനായത്.
മുഹമ്മദ് അസറുദ്ദീന്‍ – 62 പന്ത്
റിതുരാജ് ഗെയ്ക്വാദ് – 77 പന്ത്
ഗൗതം ഗംഭീര്‍ – 84 പന്ത്
വിരേന്ദര്‍ സെവാഗ് – 85 പന്ത്
ശിഖര്‍ ധവാന്‍ – 85 പന്ത്
ഗെയ്ക്വാദിന്റെ സെഞ്ച്വറിക്ക് ശേഷം അധികം വൈകാതെ വിരാടും സെഞ്ച്വറി നേടി. 93 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് മടങ്ങിയത്. 90ാം പന്തിലാണ് വിരാട് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ഏകദിനത്തില്‍ 53ാം സെഞ്ച്വറിയാണ് വിരാട് കുറിച്ചത്.
അതേസമയം മത്സരത്തില്‍ കെ.എല്‍. രാഹുലും ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. അഞ്ചാമനായി ഇറങ്ങി 43 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 66 റണ്‍സാണ് രാഹുല്‍ നേടിയത്. രവീന്ദ്ര ജഡേജ 27 പന്തില്‍ 24 റണ്‍സും നേടി. ഓപ്പണര്‍മാരായ ജെയ്‌സ്വാള്‍ 22 റണ്‍ഡസും രോഹിത് 14 നേടി നേരത്തെ മടങ്ങി.
പ്രോട്ടിയാസിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടിയത്. 110 റണ്‍സ് നേടിയ ഏയ്ഡന്‍ മാര്‍ക്രമിന്റെ കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്.
Content Highlight: Ruturaj Gaikwad in Great Record Achievement In ODI For India