| Tuesday, 9th June 2026, 4:55 pm

ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക് കിടിലന്‍ എട്രിയുമായി ചെന്നൈ നായകന്‍; ദ്രാവിന്റെയും ഗംഭീറിന്റെയും കൂടെ ഇനി ഇവനും!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ, ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരം ദാംബുള്ള സ്റ്റേഡിയത്തില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത് ഇന്ത്യ എയും ശ്രീലങ്ക എയുമാണ്. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് നേടിയത്.

വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ സ്വന്തമാക്കിയത്. 114 പന്തില്‍ നിന്നും 101 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഗെയ്ക്വാദിന്റെ 21ാം സെഞ്ച്വറിയാണ് ശ്രീലങ്കക്കെതിരെ പിറന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും താരം ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്കായി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ആറാമത്തെ താരമാകാനാണ് ഋതുരാജിന് സാധിച്ചത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനൊപ്പവും മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനൊപ്പവുമാണ് ഋതു ഈ റെക്കോഡ് പങ്കിടുന്നത്. 60 ലിസ്റ്റ് എ സെഞ്ച്വറി നേടിയ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍.

ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യക്കാര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 60

വിരാട് കോഹ്‌ലി – 59

രോഹിത് ശര്‍മ – 37

സൗരവ് ഗാംഗുലി – 31

ശിഖര്‍ ധവാന്‍ – 30

ഋതുരാജ് ഗെയ്ക്വാദ് – 21*

ഗൗതം ഗംഭീര്‍ – 21

രാഹുല്‍ ദ്രാവിഡ് – 21

ഈ ഇന്നിങ്സിന് പുറകെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ആവറേജുമായി തന്റെ ഒന്നാം സ്ഥാനം സുരക്ഷിതമായി നിലനിര്‍ത്തനാറും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഗെയ്ക്വാദിന് സാധിച്ചു. 59.31 എന്ന മികച്ച ആവറേജിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ബാറ്റ് വീശിയത്.

മത്സരത്തില്‍ ഗെയ്ക്വാദിന് പുറമെ ക്യാപ്റ്റന്‍ തിലക് വര്‍മ അര്‍ധ സെഞ്ച്വറിയും നേടി നിര്‍ണായകമായി. 97 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്. പ്രിയാന്‍ഷ് ആര്യ 32 റണ്‍സും സൂര്യാന്‍ഷ് ഷെഡ്‌ജെ 26 റണ്‍സും നേടി മികച്ചു നിന്നു.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റും ചമിക കരുണ രത്‌നെ, ഗാഗരുക സാങ്കേത്, വാനുജ സഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. സധീര സമര വിക്രമയും (33 റണ്‍സ്) ക്യാപ്റ്റന്‍ സഹാന്‍ ആര്‍ച്ചെഗ് (34 റണ്‍സ്) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ആയുഷ് ബദോണി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിപ്രജ് നിഗം ഒരു വിക്കറ്റും നേടി.

Content Highlight: Ruturaj Gaikwad In Great Record Achievement In List A Cricket For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more