ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയാണ് ലഖ്‌നൗ നല്‍കിയത്.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നാലാം ഓവറിലെ അവസാന പന്തില്‍ ആകാശ് സിങ്ങിന്റെ പന്തിലാണ് ഗെയ്ക്വാദ് കൂടാരം കയറിയത്. ഒമ്പത് പന്തില്‍ 13 റണ്‍സായിരുന്നു താരം നേടിയത്. രണ്ട് ഫോറും ഗെയ്ക്വാദ് നേടിയിരുന്നു. ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ ക്യാപ്റ്റന്‍ ഗെയ്ക്വാദ്.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ചെന്നൈയ്ക്ക് വേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഗെയ്ക്വാദിന് സാധിച്ചത്. എം.എസ്. ധോണിക്ക് ശേഷം ചെന്നൈയ്ക്ക് വേണ്ടി 1000 റണ്‍സ് നേടുന്ന രണ്ടാം താരമാകാനും ഗെയ്ക്വാദിന് സാധിച്ചു. 2024ല്‍ ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ഗെയ്ക്വാദ് ഇതുവരെ ചെന്നൈയ്ക്ക് വേണ്ടി 83 മത്സരങ്ങളില്‍ നിന്ന് 2808 റണ്‍സാണ് നേടിയത്. 2026ല്‍ താരം 12 മത്സരങ്ങളില്‍ നിന്ന് 306 റണ്‍സാണ് നേടിയത്.
അതേസമയം സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 20 റണ്‍സിനാണ് പുറത്തായത്. ആകാശിന് തന്നെയാണ് വിക്കറ്റ്. മൂന്ന് ഫോര്‍ ഉള്‍പ്പെടെയാണ് താരം സ്‌കോര്‍ നേടിയത്.
നിലവില്‍ ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ചെന്നൈയ്ക്ക് നേടാന്‍ സാധിച്ചത്.
പ്ലേഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ചെന്നൈയ്ക്ക് മത്സരത്തില്‍ വിജയിച്ചേ തീരു. മറുവശത്ത് അഭിമാന വിജയത്തിനാണ് റിഷബ് പന്തും സംഘവും ഇറങ്ങിയത്.
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മുകേഷ് ചൗദരി
മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മുകുള്‍ ചൗധരി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, മയങ്ക് യാദവ്, ആകാശ് സിങ്, പ്രിന്‍സ് യാദവ്
Content Highlight: Ruturaj Gaikwad In Great Record Achievement For Chennai Super Kings As Captain