ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മാത്സര്യത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്സ് ആറാം വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നാല് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ചെന്നൈക്ക് സാധിച്ചു. ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കാണ് ചെന്നൈ കുതിച്ചത്.
അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ ഉര്‍വില്‍ പട്ടേലിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 23 പന്തില്‍ 65 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. രണ്ട് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 42 റണ്‍സും മലയാളി താരം സഞ്ജു സാംസണ്‍ 28 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.
ഋതുരാജ് ഗെയ്ക്വാദ്, Photo: NDTV Sports
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ചെന്നൈ നായകന്‍ ഗെയ്ക്വാദ് സ്വന്തമാക്കി. ഐ.പി.എല്ലില്‍ ക്യാപ്റ്റനായുള്ള ആദ്യ 30 ഇന്നിങ്സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകന്മാരുടെ പട്ടികയില്‍ അഞ്ചാമനാവാനായാണ് ഗെയ്ക്വാദ് മാറിയത്. 998 റണ്‍സാണ് താരം ക്യാപ്റ്റനായി അടിച്ചെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, കെയ്ന്‍ വില്യംസണ്‍ എന്നിവരെ മറികടന്നാണ് ചെന്നൈ നായകന്‍ മുന്നേറിയത്.
കെ.എല്‍ രാഹുല്‍-1404
ഡേവിഡ് വാര്‍ണര്‍-1268
ശുഭ്മന്‍ ഗില്‍-1241
ഫാഫ് ഡുപ്ലെസിസ്-1081
ഋതുരാജ് ഗെയ്ക്വാദ്-998
കെയ്ന്‍ വില്യംസണ്‍-981
വിരാട് കോഹ്ലി-976
സച്ചിന്‍ ടെണ്ടുല്‍ക്കര്‍-975
അതേസമയം ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഓസ്‌ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്‌സ്.
മെയ് 15ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Ruturaj Gaikwad Create a huge record in ipl as a captain