ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ്. തനിക്കിപ്പോള്‍ വലിയ ആത്മവിശ്വാസമുണ്ടെന്നും വീണ്ടും തിരിച്ചെത്തി റണ്‍സ് നേടുക എന്നതാണ് പ്രധാനമെന്നും ഗെയ്ക്വാദ് പറഞ്ഞു. സ്ഥിരത നിലനിര്‍ത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐ.എ.എന്‍.എസിനോട് സംസാരിക്കുകയായിരുന്നു താരം.
‘എനിക്കിപ്പോള്‍ വലിയ ആത്മവിശ്വാസമുണ്ട്. വീണ്ടും തിരിച്ചെത്തി റണ്‍സ് നേടുക എന്നതാണ് പ്രധാനം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ തുടര്‍ച്ചയായി റണ്‍സ് നേടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ സ്ഥിരത നിലനിര്‍ത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ഇനി ചെയ്യേണ്ടത്,’ റുതുരാജ് ഗെയ്ക്വാദ് പറഞ്ഞു.
2026-27 ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിന്റെ ക്യാപ്റ്റനായിരുന്നു ഗെയ്ക്വാദ്. എന്നാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ വെസ്റ്റ് സോണിന് സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്‌സില്‍ നിന്നും 71 റണ്‍സാണ് താരം നേടിയത്.
അതേസമയം അടുത്തിടെ ശ്രീലങ്ക എയ്ക്ക് എതിരായ മത്സരത്തില്‍ ഋതുരാജ് ഗെയ്ക്വാദ് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 114 പന്തില്‍ നിന്നും 101 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഗെയ്ക്വാദിന്റെ 21ാം സെഞ്ച്വറിയായിരുന്നു ഇത്.
ഋതുരാജ് ഗെയ്ക്വാദ്- Photo: Cricket Central/x
എന്നാല്‍ ഐ.പി.എല്ലില്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് താരം ഓപ്പണിങ്ങില്‍ നിന്ന് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഒമ്പത് ഏകദിന മത്സരത്തിലെ എട്ട് ഇന്നിങ്‌സില്‍ നിന്ന് 228 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ടി-20യില്‍ 23 മത്സരത്തിലെ 23 ഇന്നിങ്‌സില്‍ നിന്ന് 123* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 633 റണ്‍സും താരത്തിന്റെ പക്കലുണ്ട്.
Content Highlight: Ruturaj Gaikwad Aiming To Come Back In Indian Team