| Thursday, 8th January 2026, 3:29 pm

തഴഞ്ഞവരൊക്കെ കണ്ടോളൂ; ഇത് സഞ്ജുവിന്റെ ക്യാപ്റ്റന്റെ വെടിക്കെട്ട്

ഫസീഹ പി.സി.

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി മഹാരാഷ്ട്ര ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്. ഇന്ന് ടൂര്‍ണമെന്റില്‍ ഗോവക്ക് എതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് താരം വീണ്ടും ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. 131 റണ്‍സില്‍ പുറത്താവാതെ 134 റണ്‍സാണ് മത്സരത്തില്‍ താരത്തിന്റെ സമ്പാദ്യം.

ആറ് സിക്‌സുകളും എട്ട് ഫോറുകളുമാണ് ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുമ്പോഴും ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ബാറ്റിങ് വിരുന്ന് എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷത്തെ വിജയ് ഹസാരെയില്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.

ഋതുരാജ് ഗെയ്ക്വാദ്. Photo: Johns/x.com

നേരത്തെ, ഉത്തരാഖണ്ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു ഗെയ്ക്വാദ് തന്റെ ആദ്യ സെഞ്ച്വറി നേടിയത്. ഡിസംബര്‍ 31ന് നടന്ന മത്സരത്തില്‍ 113 പന്തില്‍ 124 റണ്‍സായിരുന്നു താരത്തിന്റെ സ്‌കോര്‍.

പിന്നാലെ ടൂര്‍ണമെന്റില്‍ നടന്ന മത്സരത്തില്‍ മുംബൈക്കെതിരെ 52 പന്തില്‍ 66 റണ്‍സും ഗെയ്ക്വാദ് സ്‌കോര്‍ ചെയ്തു. അടുത്ത മത്സരത്തില്‍ ഛത്തീസ്ഗഢിനെ നേരിട്ടപ്പോള്‍ 15 പന്തില്‍ 22 റണ്‍സും താരം തന്റെ അക്കൗണ്ടിലെത്തിച്ചു.

അതിന് ശേഷം നടന്ന മത്സരത്തില്‍ ഗെയ്ക്വാദ് ഇപ്പോള്‍ മൂന്നക്കം കടന്നിരിക്കുന്നു. അത് വെറുമൊരു ഇന്നിങ്സല്ല. മറിച്ച് തന്നെ നിരന്തരം തഴയുന്നവര്‍ക്കുള്ള മറുപടിയാണിത്. ഒപ്പം താന്‍ ഇവിടെ തന്നെയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

ഋതുരാജ് ഗെയ്ക്വാദ്. Photo: Johns/x.com

അതേസമയം, മത്സരത്തില്‍ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന മഹാരാഷ്ട്രയെ ഗെയ്ക്വാദിന്റെ ഇന്നിങ്സാണ് കരകയറ്റിയത്. താരത്തിന്റെ കരുത്തില്‍ ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 249 റണ്‍സെടുത്തു. 82 പന്തില്‍ 53 റണ്‍സെടുത്ത വിക്കി ഓട്‌സ്വാളാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

നിലവില്‍ ഗോവ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 22 ഓവറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് ടീമിന്റെ സ്‌കോര്‍. ലളിത് യാദവ് (പത്ത് പന്തില്‍ ഒമ്പത്), വികാഷ് (നാല് പന്തില്‍ നാല്) എന്നിവരാണ് ക്രീസിലുള്ളത്.

Content Highlight: Ruturaj Gaikwad again score century in Vijay Hazare Trophy

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more