| Saturday, 30th August 2025, 3:59 pm

താരിഫ് ഉയര്‍ത്തിയുള്ള യു.എസിന്റെ തിരിച്ചടിക്കിടെ റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയിലേക്ക്; പുടിന്‍ ഡിസംബറില്‍ സന്ദര്‍ശനത്തിനെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയുമായി യു.എസ് ഇടഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഡിസംബറിലാണ് പുടിന്റെ ഔദ്യോഗിക ഇന്ത്യന്‍ സന്ദര്‍ശനമെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു.

ചൈനയിലെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് പുടിനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൈനയിലെ ടിയാന്‍ജിന്‍ നഗരത്തിലാണ് എസ്.സി.ഒ ഉച്ചകോടി നടക്കുന്നത്. ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദി ചൈനയിലെത്തുന്നത്.

ചൈനയില്‍ വെച്ചുള്ള കൂടിക്കാഴ്ചക്കിടെ ഡിസംബറിലെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റഷ്യന്‍ വക്താവ് യൂരി ഉഷാകോവ് എ.എഫ്.പിയോട് പ്രതികരിച്ചത്.

കയറ്റുമതി ഉത്പന്നങ്ങളുടെ താരിഫ് വര്‍ധനവ് ഇന്ത്യ-യു.എസ് ബന്ധത്തെ ഉലക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നതും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണവാങ്ങിക്കുന്നതിനെ ചൊല്ലിയുള്ള യു.എസിന്റെ എതിര്‍പ്പ് ഇന്ത്യ തള്ളിയതോടെയാണ് ട്രംപ് 25 ശതമാനമുണ്ടായിരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ താരിഫ് 50 ശതമാനമാക്കി ഉയര്‍ത്തിയത്.

റഷ്യയുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും എണ്ണ വില്‍പ്പനയിലൂടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തി എണ്ണ
വില്‍പനയില്‍ കുറവ് വരുത്താനായിരുന്നു യു.എസിന്റെ ശ്രമങ്ങള്‍.

വരുമാനം കുറയുന്നതോടെ ഉക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിന്നും റഷ്യ പിന്തിരിയുമെന്നും യു.എസ് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇന്ത്യ റഷ്യയുമായുള്ള എണ്ണ ഇടപാട് തുടര്‍ന്നതോടെ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തന്നെ തിരിച്ചടിയാകുന്ന തരത്തില്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് താരിഫ് ഇരട്ടിയാക്കുകയായിരുന്നു.

ബുധനാഴ്ചയാണ് പുതുക്കിയ താരിഫ് നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുന്നതിലൂടെ ഇന്ത്യയിലെ ചെറുകിട കയറ്റുമതിക്കാര്‍ക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാണ് ഉണ്ടാകുക.

ഈ സാഹചര്യത്തിലും ഇന്ത്യയും റഷ്യയും ഊഷ്മളമായ ബന്ധം തുടരുന്നത് വലിയ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. റഷ്യയില്‍ നിന്നും എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ഇന്ത്യ തുടരുന്നതും ട്രംപ് ഭരണകൂടത്തിനെ ചൊടിപ്പിക്കുന്നുണ്ട്.

2022 മുതല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ പലതവണ റഷ്യക്ക് എതിരെ പടിഞ്ഞാറന്‍ സഖ്യരാഷ്ട്രങ്ങള്‍ നടപടികളെടുത്തിട്ടുണ്ട്. റഷ്യയുടെ കയറ്റുമതി വരുമാനം കുറക്കുന്നതിനായി പലതരത്തിലുള്ള വ്യാപാര നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Content Highlight: Russian President Putin to visit India amid US retaliation over tariff hikes

We use cookies to give you the best possible experience. Learn more