| Monday, 5th January 2026, 10:50 am

റഷ്യന്‍ എണ്ണ വ്യാപാരം: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്; തീരുവ വീണ്ടും ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ്

നിഷാന. വി.വി

വാഷിങ്ടണ്‍: ഒരിടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  റഷ്യയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്താന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇന്ത്യന്‍ വസ്തുക്കളുടെ മേലുള്ള ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ ബന്ദിയാക്കിയതിന് പിന്നാലെ അമേരിക്കയുടെ അടുത്ത നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘എന്നെ സന്തോഷിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മോദിയൊരു നല്ല മനുഷ്യനാണ്. ഞാന്‍ സന്തോഷവാനല്ലെന്ന് മോദിക്കറിയാം. എന്നെ സന്തോഷിപ്പിക്കേണ്ടത് അനിവാര്യമാണെന്നും. ഇനിയും അവര്‍ റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഉടനടി തീരുവ കൂട്ടാന്‍ ഞങ്ങള്‍ക്ക് പറ്റും,’ ട്രംപ് പറഞ്ഞു.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധന മുന്നറിയിപ്പ്.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനത്തോളം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഉക്രൈനുമായുള്ള യുദ്ധത്തിന് റഷ്യയെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പണമാണെന്നതായിരുന്നു ട്രംപിന്റെ വാദം.

‘ഇന്ത്യ-റഷ്യ എണ്ണ വ്യാപാരത്തില്‍ എനിക്ക് അനിഷ്ടമുണ്ടായിരുന്നു എന്നാല്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഇതവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്, അതൊരു വലിയ ചുവടുവെയ്പ്പാണ്,’ ഇതായിരുന്നു ഒക്ടോബറില്‍ ട്രംപിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു. അതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികാര നടപടി.

ഡിസംബര്‍ 10,11 തിയ്യതികളിലായി യു.എസ് പ്രതിനിധി റിക്ക് സ്വിറ്റ്സറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ എത്തിയിരുന്നു. ഇന്ത്യ- യു.എസ് ഇറക്കുമതി കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘം ചര്‍ച്ച നടത്തി. എന്നാല്‍ വിഷയത്തില്‍ പുരോഗതിയുണ്ടാക്കാന്‍ ചര്‍ച്ചയ്ക്കായിട്ടില്ല.

Content Highlight: Russian oil trade: Trump threatens India; warns of further tariff hike

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more