ഹവാന: റഷ്യന്‍ എണ്ണകപ്പലായ അനറ്റോലി കോളോഡ്കിന്‍ ക്യൂബയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ക്യൂബയ്‌ക്കെതിരായ യു.എസിന്റെ ഉപരോധം നിലനില്‍ക്കെയാണ് കപ്പലുകള്‍ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നത്.
ജനുവരിക്ക് ശേഷം ക്യൂബയിലെത്തുന്ന ആദ്യ എണ്ണ കയറ്റുമതിയാണിത്.
ഏകദേശം 1,00,000 ടണ്‍ ക്രൂഡ് ഓയില്‍ അടങ്ങിയ കപ്പല്‍ മാനുഷിക സഹായം എന്ന നിലയിലാണ് റഷ്യ ക്യൂബയ്ക്ക് നല്‍കിയതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്യൂബന്‍ ജനത ആഹ്ലാദത്തോടെയാണ് കപ്പലിനെ സ്വീകരിച്ചത്. റഷ്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ക്യൂബന്‍ ഊര്‍ജ മന്ത്രിയും രംഗത്തെത്തിയിരുന്നു.
‘റഷ്യന്‍ ജനതയില്‍ നിന്നും റഷ്യന്‍ സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും നന്ദി, രാജ്യം അനുഭവിക്കുന്ന സങ്കീര്‍ണമായ ഊര്‍ജ പ്രതിസന്ധിയില്‍ സഹായമായി എത്തിയ വിലയേറിയ ഒരു കയറ്റുമതി,’ ക്യൂബന്‍ ഊര്‍ജ മന്ത്രി വിന്‍സെന്റ് ഡി ലാ ഓ ലെവി എക്‌സിലൂടെ അറിയിച്ചു.
ക്യൂബയ്ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
പിന്നാലെ മൂന്ന് മാസത്തോളമായി കടുത്ത ഇന്ധന ക്ഷാമമാണ് രാജ്യം നേരിടുന്നത്.
കടുത്ത ഇന്ധന ക്ഷാമം മൂലം ക്യൂബന്‍ ആശുപത്രികള്‍ അടിയന്തര തീവ്രപരിചരണ സേവനങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ ആകെ ആവശ്യമുള്ള ഇന്ധനത്തിന്റെ ഭൂരിഭാഗവും നല്‍കിയിരുന്നത് അയല്‍രാജ്യമായ വെനസ്വേലയായിരുന്നു.
എന്നാല്‍ ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി നാടുകടത്തിയതിന് ശേഷം ക്യൂബ വലിയ രീതിയിലുള്ള ഉപരോധമാണ് നേരിട്ടിരുന്നത്.
നിലവില്‍ മണിക്കൂറുകള്‍ നീണ്ട വൈദ്യുത തടസവും ഒഴിഞ്ഞ പെട്രോള്‍ പമ്പുകളും ക്യൂബയില്‍ സാധാരണക്കാഴ്ചയായിരിക്കുകയാണ്.
Content Highlight: Russian oil tanker arrives in Cuba despite US embargo; first ship to arrive in three months; report