ന്യൂദൽഹി: ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾസ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപൊവ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്നും എന്നാൽ യു.എസിനും ഇന്ത്യയ്ക്കുമിടയിൽ റഷ്യ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയും യു.എസും അവരുടെ തീരുമാനങ്ങളിൽ സ്വതന്ത്രരാണ്. ഞങ്ങൾ ആ വിഷയങ്ങളിൽ ഇടപെടില്ല. ഞങ്ങളുടെ എണ്ണ വിതരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഗുണം ചെയ്യും,’ ഡെനിസ് അലിപൊവ് പറഞ്ഞു.
അതേസമയം ട്രംപിന്റെ വാദത്തോട് ഇന്ത്യയും പ്രതികരിച്ചു. ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് ഇന്ത്യ മുന്‍ഗ
ണന നല്‍കുന്നതെന്നും വിപണി വിപുലീകരിക്കുന്നതാണ് ലക്ഷ്യമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നത്, ഇറക്കുമതി നയങ്ങളെ മുന്നോട്ട് നയിക്കുന്നത് ഈ ലക്ഷ്യമാണെന്നും ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദമുന്നയിച്ചിരുന്നു. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ട്രംപിന്റെ ഈ വാദം.
‘റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന ഉറപ്പ് അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്. ഇത് ഉടനടി നടത്താൻ കഴിയില്ലെങ്കിലും തീർച്ചയായും ഇത് അവസാനിക്കും,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം ഇതേ കാര്യം ചെയ്യാൻ ചൈനയെയും പ്രേരിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ വിശ്വസനീയ പങ്കാളിയാണോ എന്ന ചോദ്യത്തിന് നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും തങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ടും അല്ലാതെയും എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപിച്ച്, യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഉയർത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമർശം.
Content Highlight: Russian oil is good for Indian economy: Russian Ambassador Denis Alipov