| Thursday, 24th April 2025, 8:02 pm

ഉക്രൈനില്‍ റഷ്യന്‍ മിസൈല്‍- ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈനിന്റെ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കുട്ടികളുള്‍പ്പെടെ 80ലധികം പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആക്രമണത്തില്‍ രണ്ട് കുട്ടികളെ കാണാതായതായും നാലോളം കുട്ടികള്‍ക്കും ഒരു ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കീവിന് പുറമെ വടക്ക് കിഴക്കന്‍ നഗരമായ ഖാര്‍ക്കിവിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാര്‍ക്കീവിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുകയും പിന്നാലെ തീപിടുത്തമുണ്ടായതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആള്‍ത്താമസമുണ്ടായിരുന്ന കെട്ടിടങ്ങള്‍ തകര്‍ന്നതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനം നിലവിലും തുടരുന്നുണ്ട്. സ്‌നിഫര്‍ നായകളെ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതായും സ്വാറ്റോഷിന്‍സ്‌കി ജില്ലയില്‍ കുടുതല്‍ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമണത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കുള്ള നയതന്ത്രം വെട്ടിച്ചുരുക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചു.

Content Highlight: Russian missile-drone attack in Ukraine; Eight people reportedly killed

We use cookies to give you the best possible experience. Learn more