| Tuesday, 14th October 2025, 9:25 am

അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി എന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.

അസദും കുടുംബവും മോസ്‌കോയിൽ സുരക്ഷിതരാണെന്നും അഭയം നൽകിയ ശേഷം അസദ് യാതൊരു പ്രശ്‌നവുമില്ലാതെയാണ്  ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷബാധയേറ്റതായുള്ള സംശയത്തെത്തുടർന്ന് 60കാരനായ അസദിനെ സെപ്റ്റംബറിൽ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സിറിയൻ ഒബ്‌സർവേററ്റി ഫോർ റൈറ്റ്‌സ് പ്രകാരം, സെപ്റ്റംബർ 30ന് അസദിനെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.

റഷ്യയിൽ എത്തിയതിന് ശേഷം അസദ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും അസദ് റഷ്യൻ സുരക്ഷാസൈന്യത്തിന്റെ സംരക്ഷണയിലാണെന്ന് വിശ്വസിക്കുന്നതെന്നും ദി സൺ റിപ്പോർട്ട് ചെയ്തിരുന്നു.

നമ്മുടെ രാജ്യത്ത് ജീവിക്കുന്നതിൽ അസദിന് ഒരു പ്രശ്‌നവുമില്ലെന്നും വിഷബാധയുണ്ടായിട്ടില്ലെന്നും ലാവ്‌റോവ് ഊന്നിപ്പറഞ്ഞു. അത്തരം കിംവദന്തികളെ അത് പ്രചരിപ്പിക്കുന്നവരുടെ മനസാക്ഷിക്ക് വിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ സിറിയൻ അധികാര മാറ്റത്തിനുശേഷം അസദിനും കുടുംബത്തിനും സംരക്ഷണം നൽകിയത് മാനുഷിക കാരണങ്ങൾ കൊണ്ടാണെന്നും അവർ ശാരീരിക ഭീഷണികൾ അവർ നേരിട്ടിട്ടുണ്ടെന്നും ലാവ്‌റോവ് പറഞ്ഞു.

2024 നവംബർ 28ന് അൽ ഷറയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്)  ആക്രമണത്തിൽ സിറിയ മൊത്തത്തിൽ പിടിച്ചെടുത്തിരുന്നു.

അന്നത്തെ പ്രസിഡന്റായിരുന്ന ബഷർ ആസദിനെ പുറത്താക്കുകയും സിറിയയിൽ 54 വർഷത്തെ അസദ് കുടുംബത്തിന്റെ ഭരണം തകർക്കുകയും ചെയ്തിരുന്നു. ഒടുവിൽ ഡിസംബർ എട്ടിന് ദമസ്‌കസിൽ നിന്ന് പാലായനം ചെയ്ത് രാജ്യം വിടുകയായിരുന്നു.

മോസ്‌കോയിലേക്ക് പലായനം ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, അസദ് പ്രതിരോധ മന്ത്രാലയത്തിൽ 30 ഓളം സൈനിക, സുരക്ഷാ കമാൻഡർമാരുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും തൻരെ രക്ഷപെടൽ ഉദ്യോഗസ്ഥരിലൽ നിന്നും ബന്ധുക്കളിൽ നിന്നും രഹസ്യമാക്കി വെച്ചിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

അഹമ്മദ അൽ ഷറയാണ് സിറിയയുടെ ഇപ്പോഴത്തെ ഇടക്കാല പ്രസിഡന്റ്.

Content Highlight: Russian Foreign Minister denies reports that Assad was poisoned

We use cookies to give you the best possible experience. Learn more