| Friday, 15th August 2025, 7:50 pm

ട്രംപ് - പുടിൻ ചർച്ചക്ക് റഷ്യൻ വിദേശകാര്യ മന്ത്രി എത്തിയത് യു.എസ്.എസ്.ആറിനെ പ്രതിനിധീകരിക്കുന്ന ടി ഷർട്ട് ധരിച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടികാഴ്ച്ചക്ക് മുന്നോടിയായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എത്തിയത് സോവിയറ്റ് യൂണിയന്റെ ടി ഷർട്ട് ധരിച്ച്. റഷ്യൻ പ്രതിനിധി സംഘത്തിലെ ഒരു പ്രധാന അംഗമാണ് സെർജി ലാവ്‌റോവ്.

ഉക്രൈൻ സമാധാന ചർച്ചക്കായി വ്‌ളാഡിമിർ പുടിൻ എത്തുന്നതിനും മുമ്പാണ് അദ്ദേഹം അലാസ്കയിൽ എത്തിയത്. കറുത്ത ജാക്കറ്റിനകത്ത് ‘CCCP’ (യു.എസ്.എസ്.ആർ) എന്നെഴുതിയ ടി ഷർട്ടാണ് സെർജി ലാവ്‌റോവ് ധരിച്ചിരുന്നത്. സോവിയറ്റ് യൂണിയന്റെ സിർലിക് ചുരുക്കപ്പേരാണ് ‘CCCP’.

സെർജി ലാവ്‌റോവിന്റെ ടി ഷർട്ട് വലിയ രാഷ്ട്രീയ കോളിളക്കത്തിനാണ് വഴിവെച്ചിരിക്കുന്നത്. മോസ്കോ വ്യക്തമായ നിലപാടോടെയാണ് ഉച്ചകോടിയിലേക്ക് പോകുന്നതെന്ന് ലാവ്‌റോവ് പ്രസ്താവിച്ചു. സോവിയന്റ് റഷ്യ വീണ്ടും പടുത്തുയർത്താൻ പോകുന്നതിന്റെ തെളിവായാണ് അദ്ദേഹം ഈ വസ്ത്രം ധരിച്ചതെന്നും അഭിപ്രായമുണ്ട്.

അതേസമയം സോവിയറ്റ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിന്റെ പ്രതിമകൾ റഷ്യയിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിട്ടുണ്ട്. ഈ വർഷം ആദ്യം മോസ്കോയിലെ സബ്‌വേ സ്റ്റേഷനിൽ സ്റ്റാലിന്റെ പുതിയൊരു സ്മാരകം അനാച്ഛാദനം ചെയ്തിരുന്നു.

ഉക്രൈൻ സമാധാന ചർച്ച പരാജയപ്പെടാൻ ഇരുപത്തിയഞ്ച് ശതമാനം സാധ്യതയുണ്ടെന്ന് ഇന്നലെ (വ്യാഴം) ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ‘വരാൻ പോകുന്ന കാര്യങ്ങൾ റഷ്യ മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല’ എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത ഫൂട്ടേജിൽ ലാവ്‌റോവ് പറഞ്ഞു.

അതേസമയം അലാസ്ക ഉച്ചകോടിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ഉക്രൈൻ വിഷയത്തിൽ ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്. ശുഭപ്രതീക്ഷയെന്ന് ഡോണാൾഡ് ട്രംപ്. സമാധാന ശ്രമങ്ങളെ വ്‌ളാഡിമിർ പുടിൻ അഭിനന്ദിച്ചു. കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്കയിലേക്ക് പുറപ്പെട്ടു‌.

അലാസ്കയിലെ ആങ്കറേജ്‌ യു. എസ്‌ സൈനിക കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടക്കുക. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. ഉക്രൈനിൽ മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച.

Content Highlight: Russian Foreign Minister arrives at Trump-Putin talks wearing T-shirt representing USSR

We use cookies to give you the best possible experience. Learn more