| Wednesday, 20th August 2025, 3:22 pm

'റഷ്യ-ഇന്ത്യ-ചൈന പ്രധാനപ്പെട്ട സംവിധാനം' വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയിലെ റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ റോമന്‍ ബാബുഷ്‌കിന്‍. വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനം വളരെ വിജയകരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

റഷ്യ-ഇന്ത്യ-ചൈന എന്നത് ഒരു പ്രധാനപ്പെട്ട സംവിധാനമാണെന്നും വൈകാതെ അത് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു റോമന്‍ ബാബുഷ്‌കിന്റെ പ്രതികരണം.

ഇന്ത്യക്ക് മേല്‍ അധികതീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ കുറിച്ചും റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് സംസാരിച്ചു. യു.എസ് സമ്പദ്‌വ്യവസ്ഥയെ ആയുധമാക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

റഷ്യയോ നമ്മള്‍ ഒരുമിച്ച് പങ്കെടുക്കുന്ന ബ്രിക്‌സ് സംഘടനകളോ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയില്ലെന്നും ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള ഉപരോധങ്ങളും ദ്വിതീയ ഉപരോധങ്ങളും നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവയുടെ പകുതിയും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങിയതിന്റെ പിഴയാണ്. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ സമ്മര്‍ദത്തിലാക്കാനാണ് യു.എസ് പ്രസിഡന്റ് ഇന്ത്യക്ക് മേല്‍ തീരുവ ചുമത്തിയത്.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം നല്‍കുന്ന സമ്മര്‍ദം ന്യായീകരിക്കാനാവാത്തതും ഏകപക്ഷീയവുമാണ്. ഇത് വകവെക്കാതെ റഷ്യയും ഇന്ത്യയും ഊര്‍ജ സഹകരണം തുടരും,’ റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ന്യൂദല്‍ഹിയില്‍ വന്ന് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്നാകും ഈ കൂടികാഴ്ചയെന്ന് റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് വിശദമാക്കിയിട്ടില്ല.

Content Highlight: Russian Embassy official welcomes Wang Yi’s visit to India

We use cookies to give you the best possible experience. Learn more