| Thursday, 6th June 2019, 12:02 am

ഗെയിം ഓഫ് ത്രോണ്‍സ് ഫൈനല്‍ എപ്പിസോഡ് നിര്‍ബന്ധമായും വീണ്ടും ചിത്രീകരിക്കണമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റുകള്‍; 'മാപ്പും പറയണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള ടിവി സീരീസ് ആണ് ഗെയിം ഓഫ് ത്രോണ്‍സ്. സീരിസിന്റെ ഫൈനല്‍ എപ്പിസോഡ് സീസണ്‍ 8 അടുത്ത കാലത്താണ് അവസാനിച്ചത്. മുന്‍ സീസണുകള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച മികച്ച അഭിപ്രായമല്ല ഫൈനല്‍ സീസണിന് ലഭിച്ചത്.

ഗെയിം ഓഫ് ത്രോണ്‍സ് നിര്‍മ്മാതാക്കള്‍ മാപ്പ് പറയണമെന്നും ഫൈനല്‍ സീസണ്‍ നിര്‍ബന്ധമായും വീണ്ടും ചിത്രീകരിക്കണമെന്നും റഷ്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഓഫ് റഷ്യ പാര്‍ട്ടിയുടെ ഒരു ബ്രാഞ്ച് ആണ് നിര്‍മ്മാതാക്കളായ എച്ച്ബിഓക്ക് തുറന്ന കത്തെഴുതിയത്.

റഷ്യന്‍ റിപ്പബ്ലിക്കായ ആള്‍ട്ടയിലെ കമ്മ്യൂണിസ്റ്റ് ഓഫ് റഷ്യ പാര്‍ട്ടിയുടെ റീജിയണ്‍ കമ്മറ്റിയുടെ ഫസ്റ്റ് സെക്രട്ടറിയായ സെര്‍ജി മാറ്റസോവ് ആണ് എച്ചബിഓക്ക് കത്തെഴുതിയത്. എന്റെ പാര്‍ട്ടിയില്‍ ഈ മനോഹരമായ സീരീസിന് നിരവധി ആരാധകരുണ്ട്. രാജവാഴ്ചയുടെ പരിണിതഫലങ്ങള്‍ സീരീസില്‍ വ്യക്തമാക്കുന്നതാണ് ഇതിന് കാരണം എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്.

അവസാന ആറ് എപ്പിസോഡുകള്‍ ചിത്രീകരിക്കുമ്പോള്‍ ആരാധകരെ കേള്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. അത് ഒട്ടും തൃപ്തി നല്‍കാത്ത കഥാഗതിയാണ് ഉണ്ടാക്കിയത്. മോശം അഭിനയവും സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളും സീരിസില്‍ ഉണ്ടായെന്ന് കത്തില്‍ പറയുന്നു.

ലക്ഷക്കണക്കിന് വരുന്ന ആരാധകരെ നിരാശരാക്കുകയും ഷോയ്ക്ക് വേണ്ടി അനുവദിച്ച തുക അനാവശ്യമായി ചെലവാക്കുകയും ചെയ്തു. ഈ പണം വരുന്നത് അമേരിക്കയിലെ സാധാരണ തൊഴിലാളികളില്‍ നിന്നും ആഫ്രിക്കയിലെ മനുഷ്യരില്‍ നിന്നുമാണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ ആവശ്യപ്പെടുന്നു, അടിയന്തിരമായി ഗെയിം ഓഫ് ത്രോണ്‍സ് നിര്‍മ്മാതാക്കള്‍ മാപ്പ് പറയുകയും നിര്‍ബന്ധമായും പുതിയ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ഉള്‍പ്പെടുത്തി വീണ്ടും ചിത്രീകരിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more