| Thursday, 5th June 2025, 8:39 am

ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണം; 17 ഓളം പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈനിലെ ഖാര്‍കീവില്‍ ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണം പുലര്‍ച്ചെയായിരുന്നുവെന്നും ഒരു മണിക്കൂര്‍ നീണ്ടുനിന്നിരുന്നുവെന്നുമാണ് വിവരം.

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളുടെ മുകളിലേക്കാണ് ആക്രമണമുണ്ടായതെന്നും വ്യാപകമായി തീപ്പിടുത്തമുണ്ടാവുകയായിരുന്നുവെന്നുമാണ് വിവരം.

തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതര്‍ അറിയിക്കുന്നത്. റീജിയണല്‍ ഗവര്‍ണര്‍ ഒലെ സിനിഹുബോവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ആക്രമണത്തില്‍ ഏഴ് അപ്പാര്‍ട്ടമെന്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഖാര്‍കീവ് മേയര്‍ അറിയിച്ചു. ഖാര്ഖിവ് മേയര്‍ ഇഹോര്‍ തെരഖോവ് ടെലിഗ്രാമിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

രണ്ട് കെട്ടിടങ്ങളുടെ ഉള്ളിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടാവുകയായിരുന്നുവെന്നും 17 ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലും രണ്ടാം നിലയിലും ആക്രമണമുണ്ടായതായി മേയര്‍ പറഞ്ഞു. അതേസമയം ആക്രമണത്തില്‍ റഷ്യ പ്രതികരിച്ചിട്ടില്ല.

നേരത്തെ തടവുകാരെ കൈമാറുന്നതിനിടെ റഷ്യ ഉക്രൈനില്‍ വ്യോമാക്രമണം നടത്തിയിരുന്നു. 13 പേരായിരുന്നു അന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

367 ഡ്രോണുകളും മിസൈലുകളും ഉക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യ അയച്ചുവെന്നും ബാരേജില്‍ കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്മെല്‍നിറ്റ്സ്‌കി എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നത്.

ഉക്രൈനിന്റെ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും വെടിവെച്ച് വീഴ്ത്തിയെന്നും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ 95 ഉക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചതായും 12 എണ്ണം മോസ്‌കോയ്ക്ക് സമീപം തടഞ്ഞതായും റഷ്യ അവകാശപ്പെട്ടിരുന്നു.

Content Highlight: Russian attack in Kharkiv, Ukraine; Around 17 injured

We use cookies to give you the best possible experience. Learn more