വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നാറ്റോയിലെ ഒരു രാജ്യത്തെയും ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ നാറ്റോ രാജ്യങ്ങള്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ട്രംപിന്റെ പ്രതികരണം.
സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് മോസ്‌കോയില്‍ നടത്തിയ രഹസ്യ സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപ് വിദേശ മാധ്യമങ്ങളോട് സംസാരിച്ചത്.
റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി റാറ്റ്ക്ലിഫ് കൂടിക്കാഴ്ച നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. നാറ്റോ അംഗരാജ്യത്തിനെതിരെ ആക്രമണം നടത്തരുതെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു സന്ദര്‍ശനമെന്ന് യു.എസ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു.
എന്നാല്‍ റാറ്റ്ക്ലിഫിന്റെ മോസ്‌കോ സന്ദര്‍ശനത്തിന് റഷ്യയ്ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. റഷ്യന്‍ രഹസ്യാന്വേഷണ മേധാവിയുമായി പതിവായി നടക്കുന്ന കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു സന്ദര്‍ശനമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘ ആറുമാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ റാറ്റ് ക്ലിഫ് റഷ്യയുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. അവര്‍ തമ്മില്‍ വളരെ നല്ല ബന്ധമാണ്. പ്രത്യേകിച്ച് ഒരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല,’ ട്രംപ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ കൂടിക്കാഴ്ചയില്‍ നാറ്റോ അംഗരാജ്യത്തിനെതിരായ റഷ്യയുടെ നീക്കത്തിന്റെ സാധ്യത റാറ്റ്ക്ലിഫ് ഉന്നയിച്ചിരുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റ് പുടിന്‍ റഷ്യയെ പിന്തുണയ്ക്കുന്ന നാറ്റോ അംഗരാജ്യത്തെ ആക്രമിക്കും,’ ക്ലീഫ് മാധ്യമങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഉക്രൈന്‍ യുദ്ധം തുടരുന്നതിനിടെയാണ് റഷ്യ-നാറ്റോ സംഘര്‍ഷം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നത്. നാറ്റോയിലെ ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം സഖ്യത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന കൂട്ടായ പ്രതിരോധ വ്യവസ്ഥയാണ് ആര്‍ട്ടിക്കിള്‍ അഞ്ച്. അതിനാല്‍ റഷ്യയുടെ ഏതെങ്കിലും നാറ്റോ വിരുദ്ധ നീക്കം വലിയ അന്താരാഷ്ട്ര സംഘര്‍ഷത്തിന് വഴിവെക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം പുറത്ത് വരുന്നത്.
Content Highlights: Russia will not attack NATO countries’: Trump