| Friday, 28th November 2025, 1:18 pm

യു.എസിന്റെ ഗസ പദ്ധതി ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കൊരു 'മറ'; മുന്നറിയിപ്പുമായി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കൊ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതി മേഖലയിൽ ഇസ്രഈൽ നടത്തുന്ന അനിയന്ത്രിതമായ ഇടപെടൽ മറയ്ക്കുന്നെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ.

ഗസ പദ്ധതിയിൽ യു.എൻ സുരക്ഷാ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 13 വോട്ടിൽ പ്രമേയം അംഗീകരിക്കുകയും റഷ്യയും ചൈനയും വിട്ടുനിൽക്കുകയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നെന്ന് അവർ പറഞ്ഞു.

പദ്ധതി അംഗീകരിക്കുന്ന തീരുമാനം ഫലസ്തീൻ പ്രദേശത്തെക്ക് അനിയന്ത്രിതമായി ഇസ്രഈലിന് ഇടപെടാനുള്ള മുഖമുദ്രയായി മാറരുതെന്നും മരിയ സഖാരോവ കൂട്ടിച്ചേർത്തു.

ഫലസ്തീനികളുടെ സ്വയം നിർണയത്തിനുള്ള നിയമാനുസൃത അവകാശങ്ങളും മേഖലയിൽ സമാധാനപരമായ സഹവർത്തിത്വവും ഇല്ലാതാക്കുന്നതിനുള്ള അന്തിമ തീരുമാനമായി ഇത് മാറില്ലെന്ന് പ്രതീക്ഷിക്കുന്നെന്നും അവർ പറഞ്ഞു.

ഗസയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു ‘ബോര്‍ഡ് ഓഫ് പീസ് സ്ഥാപിക്കുക’ എന്നതാണ് ഈ പ്രമേയത്തിലൂടെ യു.എസ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം.

ഇതുപ്രകാരം ഇസ്രഈലുമായും ഈജിപ്തുമായും അടുത്ത സഹകരണത്തിലും സഹവര്‍ത്തിത്വത്തിലും പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സ്ഥിര സേനയെ ഗസയില്‍ വിന്യസിക്കാന്‍ ഈ ബോര്‍ഡിന് അധികാരമുണ്ട്.

‘ഗസമുമ്പനിലെ സൈനികവത്ക്കരണം, ഹമാസിന്റെ നിരായുധീകരണം എന്നിവയൊക്കെയാണ് ഈ ബോര്‍ഡിന്റെ പ്രധാന ലക്ഷ്യങ്ങളായി വരുന്നത്,’ മരിയ സഖാരോവ പറഞ്ഞു.

നേരത്തെ ഗസ സമാധാന പദ്ധതിയുടെ കരട് പ്രമേയം യു.എൻ സുരക്ഷാ കൗൺസിൽ അംഗങ്ങൾക്കുമുന്നിൽ യു.എസ് അവതരിപ്പിച്ചിരുന്നു.

തുർക്കി, ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യയടക്കം സുരക്ഷാ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾക്ക് മുന്നിലാണ് കരട് പ്രമേയം അവതരിപ്പിച്ചിരുന്നത്.

ഗസയിലെ വെടിനിർത്തലിന് മേൽനോട്ടം വഹിക്കാനും ട്രംപിന്റെ 20 ഇന പദ്ധതികളുള്ള സമാധാന കരാറിനെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര സുരക്ഷാ സേനയ്ക്ക് യു.എൻ സുരക്ഷാ കൗണ്സിലിന്റെ അനുമതി നൽകണമെന്ന് കരടിൽ പറയുന്നു.

അതേസമയം യു.എൻ സ്ഥിരാംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും കടുത്ത എതിർപ്പിനിടെയാണ് യു.എസ് പദ്ധതിക്ക് സുരക്ഷാ സമിതി അംഗീകാരം നൽകിയിരുന്നത്. 13 വോട്ടുകൾക്കാണ് പ്രമേയം പാസായത്. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.

നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര നിയമത്തിൽ അധിഷ്ഠിതമായ പ്രമേയങ്ങൾ പാസാക്കുകയാണ് ചെയ്യേണ്ടതെന്നും എന്നാൽ യു.എസ് പദ്ധതിയിൽ ഔദ്യോഗിക അംഗീകാരത്തിനുള്ള വിശദാംശങ്ങൾ ഇല്ലെന്നുമായിരുന്നു ചൈനയും റഷ്യയും പറഞ്ഞത്.

Content Highlight: Russia warns US Gaza plan is a ‘cover’ for Israeli atrocities

We use cookies to give you the best possible experience. Learn more