| Wednesday, 4th February 2026, 11:11 am

ഗ്രീൻലാന്റിൽ അമേരിക്ക സൈന്യത്തെ വിന്യസിച്ചാൽ നടപടിയുണ്ടാകുമെന്ന്: മുന്നറിയിപ്പുമായി റഷ്യ

മുഹമ്മദ് നബീല്‍

ബെയ്‌ജിങ്‌: ഗ്രീൻലാന്റിൽ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചാൽ സൈനീക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റിയാബ്കോവ്.

ഇന്നലെ (ഫെബ്രുവരി 3 ) ചൈനയിലെ റഷ്യൻ എംബസിയിൽ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗ്രീൻലാന്റിൽ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾക്ക് പിറകെയാണ് റിയാബ്കോവിന്റെ പ്രതികരണം.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ഗ്രീൻലാന്റ് അമേരിക്കയ്ക്ക് വേണമെന്നും, ചൈനയുടെയും റഷ്യയുടെയും ഭീഷണികളെ ചെറുക്കാൻ നാറ്റോ അംഗങ്ങൾ പ്രതിബദ്ധത കാണിക്കണമെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു.

റഷ്യയും അമേരിയ്ക്കയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർ ഉടമ്പടി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് റഷ്യയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ന്യൂ സ്റ്റാർ ഉടമ്പടി ഒരു വർഷത്തേക്കുകൂടി തുടരാൻ റഷ്യ സന്നദ്ധമാണെന്ന് അറിയിച്ച റിയാബ്കോവ് അമേരിക്ക ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും അറിയിച്ചു.

‘പ്രതികരണമില്ലാത്തതും ഒരു പ്രതികരണമാണ്,’ എന്ന് പറഞ്ഞ റഷ്യൻ വിദേശകാര്യ സഹമന്ത്രി റഷ്യ തുടർനപടികളൊന്നും സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ആയുധങ്ങൾ നിയന്ത്രിക്കാനുള്ള കരാറിന്റെ തകർച്ചയ്ക്ക് ഇപ്പോൾ അമേരിക്കയാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ ഇനിയൊരു ആയുധ മത്സരത്തിനില്ലെന്നും ഉടമ്പടിയുടെ കാലാവധി അവസാനിക്കുന്നത് ശീതയുദ്ധത്തിനു ശേഷമുള്ള ലോകത്തെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും ചൈനയും ഗ്രീൻലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും അതിനുമുൻപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

റഷ്യയും ചൈനയും ട്രംപിന്റെ പ്രതികരങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.

Content Highlight:Russia warns of military measures if US deploys weapons in Greenland

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more