| Tuesday, 1st September 2026, 7:09 am

റഷ്യ-ഉക്രൈന്‍ യുദ്ധം: 'മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം'; പുടിനോട് മോദി

അഞ്ജു ചന്ദ്രന്‍

ബിഷ്‌കെക്ക്: റഷ്യ തുടരുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി സംസാരിക്കുകയായിരുന്നു മോദി.

റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുമെന്നും മോദി പറഞ്ഞു.

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധങ്ങളെക്കുറിച്ചും സംഘര്‍ഷാവസ്ഥകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

‘ മനുഷ്യരാശിയുടെ നന്മയ്ക്കായ് അനന്തമായ യുദ്ധങ്ങളില്‍ നിന്ന് പിന്മാറി യുദ്ധങ്ങള്‍ അവസാനിപ്പിക്കണം,’ മോദി പുടിനോടാവശ്യപ്പെട്ടു.

യുദ്ധം തുടരുന്ന ഓരോ ദിവസവും മനുഷ്യരാശിയെ പിന്നോട്ടടിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. സമാധാനത്തിലേക്കുള്ള ഓരോ ചുവടും ലോകത്ത് പുതിയ പ്രതീക്ഷയും ഉത്സാഹവും സൃഷ്ടിക്കുമെന്നും ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നേരത്തെയും സമാധാനശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാവിയിലും എല്ലാ സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ തുടരുമെന്നും മോദി പറഞ്ഞു.

‘ഞങ്ങള്‍ ഉക്രൈന്റെ കാര്യം ചര്‍ച്ച ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ തവണ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴും നിങ്ങള്‍ (പുടിന്‍) സാഹചര്യം വളരെ വിശദമായി എനിക്ക് വിശദീകരിച്ചു തന്നിരുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇന്ത്യ എല്ലാ സമാധാന രീതികളെയും പ്രതിസന്ധികള്‍ പരിഹിക്കുന്നതിനെയും പിന്തുണയ്ക്കും,’ മോദി കൂട്ടിച്ചേര്‍ത്തു.

ഉക്രൈന്‍ വിഷയത്തില്‍ റഷ്യ സമാധാനത്തിലേക്ക് നീങ്ങാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പുടിന്‍ മറുപടിനല്‍കിയെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യയുടെ നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.  യുദ്ധം തുടരുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിയൊരുക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും സജീവമാണ്.

ഇന്ത്യ-റഷ്യ ബന്ധവും കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമായി മാറി. വ്യാപാരം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ബഹുരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാകുന്നതായി പുടിന്‍ പറഞ്ഞു.

റഷ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം അടുത്ത കാലത്ത് ഏഴിരട്ടിയായി ഉയര്‍ന്ന് ഏകദേശം 40,000 എത്തിയതായും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, ബ്രിക്‌സ്, ജി-20 തുടങ്ങിയ വേദികളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അടുത്ത ബ്രിക്‌സ് ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. ആ വേദിയില്‍ സമാധാനം, ആഗോള സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ‘Russia-Ukraine War: Endless wars must end for the good of humanity’; Modi tells Putin.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more