മോസ്കോ: റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഉപരോധങ്ങൾ മറികടന്ന് റഷ്യൻ എണ്ണയും മറ്റ് ചരക്കുകളും കൊണ്ടുപോകുന്ന കപ്പലുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ നടപടികൾ കർശനമാക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ വ്യാപാരക്കപ്പലുകളോ എണ്ണക്കപ്പലുകളോ പിടിച്ചെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചാൽ റഷ്യയും അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് യൂറോപ്പിന് പുടിൻ വ്യക്തമാക്കി.
പിടിച്ചെടുക്കുന്ന കപ്പലുകളിലെ ചരക്കുകൾ വിൽക്കാൻ അനുമതി നൽകുന്നതുൾപ്പെടെയുള്ള പുതിയ ഉപരോധ നടപടികൾ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചിരുന്നു. ഇതിനെ ‘കടൽക്കൊള്ളയും മോഷണവും’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്.
റഷ്യൻ കപ്പലുകൾക്കെതിരായ ഇത്തരം നടപടികൾ അന്താരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണെന്നും റഷ്യയുടെ താൽപര്യങ്ങൾ ഹനിക്കപ്പെടുന്നിടത്തെല്ലാം ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും പുടിൻ പറഞ്ഞു. യൂറോപ്യൻ കപ്പലുകളെ തടയാൻ റഷ്യൻ നാവികസേനയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരോധങ്ങളുടെ പേരിൽ റഷ്യൻ കപ്പലുകൾ പിടിച്ചെടുക്കുന്നത് തുടർന്നാൽ റഷ്യൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അതേ സമുദ്ര മേഖലയിൽ തന്നെ ആയിരിക്കണമെന്നില്ല ലോകത്തിന്റെ ഏത് ഭാഗത്തുവെച്ചും യൂറോപ്യൻ കപ്പലുകളെ തടയാനും പിടിച്ചെടുക്കാനും റഷ്യ മടിക്കില്ലെന്ന ശക്തമായ താക്കീതാണ് പുടിൻ നൽകിയത്.
കപ്പലുകൾ പരിശോധിക്കാനും തടഞ്ഞുവെയ്ക്കാനും റഷ്യൻ സേന തയ്യാറാണെന്ന് റഷ്യയുടെ പസഫിക് ഫ്ലീറ്റ് കമാൻഡർ വിക്ടർ ലീനയും വ്യക്തമാക്കി. റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ ഉൾപ്പെടെയുള്ള കപ്പലുകൾക്കെതിരെ യൂറോപ്യൻ യൂണിയൻ സമ്മർദം ശക്തമാക്കുകയും നൂറുകണക്കിന് കപ്പലുകൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചില കപ്പലുകളും ജീവനക്കാരെയും പരിശോധനയ്ക്കായി തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ ലംഘിച്ച് റഷ്യൻ കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുകയാണെന്നും ലീന ആരോപിച്ചു. സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾ പരിശോധിക്കാനും തടഞ്ഞുവയ്ക്കാനും ആവശ്യമായ വിവിധ ഏജൻസികളുടെ ഏകോപനം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലവിലുള്ള അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങളുടെ വ്യക്തമായ ദുരുപയോഗമാണ് നടക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Content Highlight :Russia to Retaliate if Russian Ships Are Seized; Putin Warns Europe