മോസ്കൊ: സൈബീരിയ, യുറാൽ , ഫാർ ഈസ്റ്റ് തുടങ്ങിയ മേഖലകളിലേക്ക് ആണവ നിലയങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യയിലെ ആണവോർജ വികസനത്തെ കുറിച്ചുള്ള സർക്കാർ ചർച്ചയിലായിരുന്നു തീരുമാനം.
നിലവിൽ റഷ്യയിലെ ആകെ വൈദ്യുതി ഉത്പാദനം 20 ശതമാനവും ആണവോർജമാണ്. റഷ്യയിലെ ഊർജ സംവിധാനം ശക്തമായി നിലനിർത്തുന്നതിൽ ആണവോർജത്തിന്റെ പ്രാധാന്യം പുടിൻ വ്യക്തമാക്കി. വരും വർഷങ്ങളിൽ ഊർജത്തിന്റെ ആവശ്യകത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ മേഖല കൂടുതൽ വിപുലീകരിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല വ്യവസായ പദ്ധതികൾ അനുസരിച്ച് ചെറിയ ആണവനിലയങ്ങൾ ഉൾപ്പെടെ ഏകദേശം 30 ജിഗാവാട്ട് അധിക ശേഷിയുള്ള പുതിയ പ്ലാന്റുകൾ രാജ്യത്ത് കമ്മീഷൻ ചെയ്യാനാണ് റഷ്യ പദ്ധതിയിടുന്നതെന്ന് പുടിൻ പറഞ്ഞു. കാലാവധി പൂർത്തിയാകുന്ന പഴയ പവർ യൂണിറ്റുകൾ മാറ്റിസ്ഥാപിച്ച്, കുറഞ്ഞ ചെലവിലുള്ളതും സുരക്ഷിതവുമായ ഊർജം ലഭ്യമാക്കും. ആർട്ടിക്, സൈബീരിയ മേഖലകളിലെ വ്യവസായങ്ങൾക്കും വിഭവ സംസ്കരണത്തിനും ആവശ്യമായ വൈദ്യുതി ഇതിലൂടെ ഉറപ്പാക്കും എന്നും പുടിൻ കൂട്ടിച്ചേർത്തു.
2045 ആകുമ്പോഴേക്കും റഷ്യയിലെ ആണവോർജ ഉൽപ്പാദന വിഹിതം 25 ശതമാനമായി ഉയർത്തും. ഖബറോവ്‌സ്ക്, കോല തുടങ്ങിയ ആണവനിലയങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ പുടിൻ നിർദേശം നൽകി.
‘നിലവിലെ പൊതു പദ്ധതി അനുസരിച്ച് ഞങ്ങൾ 38 പവർ യൂണിറ്റുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇപ്പോൾത്തന്നെ 9 സ്ഥലങ്ങളിൽ ഞങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെറിയ ഫ്‌ളോട്ടിങ് നിലയങ്ങൾ ഉൾപ്പെടെ ആകെ 18 പവർ യൂണിറ്റുകളുടെ നിർമാണം റഷ്യയിൽ പുരോഗമിക്കുകയാണ്,’ ലിഖാചേവ് പറഞ്ഞു.
ഖബറോവ്‌സ്ക്, കോല തുടങ്ങിയ ആണവനിലയങ്ങൾ വേഗത്തിൽ തുറക്കുന്നതിനും 2045-ഓടെ റഷ്യയിലെ ആണവോർജ ഉൽപ്പാദന വിഹിതം 25 ശതമാനമായി ഉയർത്തുന്നതിനുമുള്ള പ്രസിഡന്റ് പുടിന്റെ പ്രത്യേക നിർദേശങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒൻപത് രാജ്യങ്ങളിലായി 28 ആണവ പവർ യൂണിറ്റുകളുടെ നിർമാണത്തിൽ റഷ്യൻ കമ്പനിയായ ‘റോസാറ്റം’ പങ്കാളിയാണെന്ന് ലിഖാചേവ് പറഞ്ഞു. 6 രാജ്യങ്ങളിലായി 17 പവർ യൂണിറ്റുകൾ കൂടി നിർമിക്കാനുള്ള കരാറുകളിൽ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
‘ഇതിനുപുറമെ, മറ്റ് 15 രാജ്യങ്ങളുമായിക്കൂടി ഞങ്ങൾ ചർച്ചകൾ നടത്തുന്നുണ്ട്. വലിയതും ചെറുതുമായ റിയാക്ടറുകൾ ഉൾപ്പെടെ, ഏകദേശം 50 പുതിയ റിയാക്ടറുകൾ നിർമിക്കുകയാണ് ഈ കരാറുകളിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Russia to Expand Nuclear Power Sector: Putin Announces Construction of New Nuclear Plants