| Thursday, 21st May 2026, 4:00 pm

ക്യൂബയെ ഒറ്റപ്പെടുത്തില്ല, ഞങ്ങളുണ്ട്; അമേരിക്കന്‍ ഉപരോധത്തില്‍ ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ക്യൂബയ്‌ക്കെതിരെ ‘ഉപരോധ കുരുക്ക്’ മുറുക്കാനും രാജ്യത്തെ ഭീഷണിപ്പെടുത്താനുമുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി റഷ്യ. ക്യൂബയ്ക്ക് തങ്ങളുടെ ഭാഗത്തുനിന്ന് എല്ലാവിധ സജീവ പിന്തുണയും ഉണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കി.

ക്യൂബന്‍ വിപ്ലവ നേതാവ് റൗള്‍ കാസ്ട്രോയ്ക്കെതിരെ അമേരിക്ക കൊലപാതകക്കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാകുന്ന ഈ രാഷ്ട്രീയ നീക്കം.

ബുധനാഴ്ച ക്യൂബയുടെ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കെതിരെ അമേരിക്ക കൊലപാതകക്കുറ്റം ചുമത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയ തലത്തിലെത്തിയത്.

അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ ക്യൂബയെ ഒറ്റപ്പെടുത്തില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

‘ഈ ദുഷ്‌കരമായ കാലഘട്ടത്തില്‍ സാഹോദര്യമുള്ള ക്യൂബന്‍ ജനതയ്ക്ക് ഞങ്ങള്‍ ഏറ്റവും സജീവമായ പിന്തുണ നല്‍കുന്നത് തുടരും. ക്യൂബയുമായുള്ള ഞങ്ങളുടെ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ഞങ്ങള്‍ വീണ്ടും ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു.

ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കടുത്ത ഇടപെടല്‍ നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇത്തരം ഭീഷണിപ്പെടുത്തലുകളെയും, നിയമവിരുദ്ധമായ ഏകപക്ഷീയമായ നിയന്ത്രണ നടപടികളെയും, ബ്ലാക്ക്‌മെയിലിങ്ങിനെയും റഷ്യ ശക്തമായി അപലപിക്കുന്നു’വെന്നും സഖാരോവ കൂട്ടിച്ചേര്‍ത്തു.

ക്യൂബയ്ക്ക് റഷ്യ നല്‍കാന്‍ പോകുന്ന പിന്തുണയുടെ കൃത്യമായ വിശദാംശങ്ങള്‍ അല്ലെങ്കില്‍ സ്വഭാവം എന്താണെന്ന് സഖാരോവ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും അമേരിക്കയുടെ വിദേശനയങ്ങള്‍ക്കെതിരെ അവര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. തങ്ങളുടെ നിലപാടുകളോട് യോജിക്കാത്ത ഏതൊരു വിയോജിപ്പിനോടും അമേരിക്ക കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നത്.

വാഷിങ്ടണിന്റെ ഇപ്പോഴത്തെ ഈ നടപടികള്‍ പുനരുജ്ജീവിപ്പിച്ച ‘മണ്‍റോ സിദ്ധാന്തത്തിന്റെ’ അങ്ങേയറ്റം നിന്ദ്യമായ ഒരു രൂപമായി മാറിയിരിക്കുകയാണെന്നും റഷ്യന്‍ വക്താവ് ആരോപിച്ചു.

അമേരിക്ക ക്യൂബയ്ക്ക് മേല്‍ കൂടുതല്‍ കര്‍ശനമായ സാമ്പത്തിക-രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, റഷ്യ പരസ്യമായി പ്രഖ്യാപിച്ച ഈ പിന്തുണ അന്താരാഷ്ട്ര തലത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

1959-ല്‍ റൗള്‍ കാസ്ട്രോയുടെ സഹോദരനായ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ വിപ്ലവത്തിലൂടെയാണ് ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലേറുന്നത്. അന്നുമുതല്‍ ഇന്നുവരെ കമ്മ്യൂണിസ്റ്റുകളാണ് ഈ ദ്വീപ് രാഷ്ട്രം ഭരിക്കുന്നത്. ഇതിനെ തകര്‍ക്കാന്‍ പതിറ്റാണ്ടുകളായി അമേരിക്ക ശ്രമിച്ചുവരികയാണ്.

Content HighlighT: Russia says it will support Cuba as U.S. tightens the ‘noose’

We use cookies to give you the best possible experience. Learn more