മോസ്‌കോ: റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയതായി ഔദ്യോഗിക ഫലങ്ങള്‍. പ്രതിപക്ഷപാര്‍ട്ടികളൊന്നും തന്നെ ചിത്രത്തിലില്ല എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്.
25 വര്‍ഷമായി ഭരണ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ 58 ശതമാനത്തിലധികം വോട്ടുകള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. പാര്‍ലമെന്റായ ഡൂമയുടെ അധോസഭയില്‍ നാലില്‍ മൂന്ന് സീറ്റുകളും പാര്‍ട്ടി സ്വന്തമാക്കിക്കഴിഞ്ഞു. മൂന്ന് ദിവസമായി നടന്ന വോട്ടെണ്ണല്‍ ഞായറാഴ്ചയാണ് സമാപിച്ചത്.
റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നിയമവിരുദ്ധമായി റഷ്യ പിടിച്ചെടുത്ത ഉക്രെയ്ന്‍ പ്രദേശങ്ങളിലുള്ളവരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു വോട്ടെടുപ്പ്.
ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ജനപിന്തുണയുണ്ടോ എന്ന പരീക്ഷണമാകും ഈ തെരഞ്ഞെടുപ്പെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
യുദ്ധത്തിനെതിരെ കാംപെയ്ന്‍ നടത്തിയ യാബ്ലോക്കോ ആയിരുന്നു രജിസ്റ്റര്‍ ചെയ്ത ഏക പ്രതിപക്ഷപാര്‍ട്ടി. എന്നാല്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം നേടുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ പ്രാദേശികമായി പാര്‍ട്ടിക്ക് ചെറിയ മുന്നേറ്റമുണ്ടായി.
വളരെ നിയന്ത്രിതമായ വ്യവസ്ഥയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും യാബ്ലോക്കോയുടെ പല സ്ഥാനാര്‍ഥികളെയും വിലക്കിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രതികരിച്ചു.
13.8 ശതമാനം വോട്ട് നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രാതിനിധ്യം നേടി. 40 സീറ്റുകളാണ് പാര്‍ട്ടിയ്ക്ക് ഉള്ളത്.
റഷ്യയെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് വിദേശത്തുനിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നില്ല.
യൂറോപ്യന്‍ യൂണിയന്‍ ഉന്നത നയതന്ത്രപ്രതിനിധി കായ കലാസ് ‘സോ കാള്‍ഡ്’ റഷ്യന്‍ തെരഞ്ഞെടുപ്പിനെ തള്ളി രംഗത്തുവന്നു.
ക്രെംലിനിലെ വിയോജിപ്പുകളെ നിശബ്ദമാക്കിയും യുദ്ധത്തെ എതിര്‍ത്ത രജിസ്റ്റര്‍ ചെയ്ത ഒരേയൊരു പാര്‍ട്ടിയെ വിലക്കിയും അന്താരാഷ്ട്ര തെരഞ്ഞെടുപ്പ് നിരീക്ഷകരെ വിലക്കിയും ജനാധിപത്യത്തിന്റെ പുറംചട്ട മാത്രമാണ് റഷ്യയില്‍ അവശേഷിക്കുന്നതെന്ന് കലാസ് പറഞ്ഞു.
അധിനിവേശ ഉക്രെയ്‌ന്റെ പ്രദേശങ്ങളില്‍ റഷ്യ നടത്തിയ തെരഞ്ഞെടുപ്പിനെ ഓസ്‌ട്രേലിയയും ബ്രിട്ടണും ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ അപലപിച്ചു.
Content Highlight: Russia’s pro-Putin party wins 355 Duma seats, anti-war Yabloko fails national test