| Thursday, 14th August 2025, 2:25 pm

ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണവുമായി റഷ്യ; തങ്ങളാല്‍ കഴിയുന്നതെല്ലാം തുടരുമെന്ന് വാട്‌സ്ആപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: വഞ്ചന, തീവ്രവാദ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമപാലകരുമായി പങ്കിടുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ചില ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റഷ്യ.

വിദേശ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റഷ്യയുടെ ഡിജിറ്റല്‍ വികസന മന്ത്രാലയമാണ് അറിയിച്ചത്. 96 ദശലക്ഷത്തോളം വരുന്ന വാട്‌സ്ആപ്പിന്റെ പ്രതിമാസ ഉപയോക്താക്കളെയും ടെലിഗ്രാം ഉപയോഗിക്കുന്ന 89 ദശലക്ഷം ഉപയോക്താക്കളെയും ഈ നിരോധനം ബാധിച്ചേക്കും.

ഇന്റര്‍നെറ്റിന് മേലുള്ള നിയന്ത്രണം കര്‍ശനമാക്കാനുള്ള റഷ്യന്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഉള്ളടക്ക നിയന്ത്രണവും ഡാറ്റ സംഭരണവും സംബന്ധിച്ച് ആഗോള ടെക് കമ്പനികളുമായി റഷ്യ ദീര്‍ഘകാലമായി സംഘര്‍ഷത്തിലായിരുന്നു. 2022ലെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് ശേഷം ഈ തര്‍ക്കം കൂടുതല്‍ രൂക്ഷമായിരുന്നു.

അതേസമയം ആളുകളുടെ ആശയവിനിമയത്തിനുള്ള അവകാശം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് റഷ്യ തങ്ങളുടെ സേവനങ്ങള്‍ തടയാന്‍ ശ്രമിക്കുകയാണെന്ന് വാട്‌സ്ആപ്പും ആരോപിച്ചു. എന്‍ക്രിപ്റ്റ് ചെയ്ത സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുന്നത് തങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

ആശയവിനിമയം സുരക്ഷിതമാക്കാനുള്ള ഉപയോക്താക്കളുടെ അവകാശത്തെ ലംഘിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ വെല്ലുവിളിക്കുകയാണെന്നും റഷ്യ ഉള്‍പ്പെടെ എല്ലായിടത്തും ആളുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആശയവിനിമയം ലഭ്യമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം തുടര്‍ന്നും ചെയ്യുമെന്നും വാട്‌സ്ആപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്ലാറ്റ്‌ഫോമിനെ നിരീക്ഷിക്കാനും ദിവസേന ദശലക്ഷക്കണക്കിന് ദോഷകരമായ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനും മോഡറേറ്റര്‍മാര്‍ എ.ഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ടെലിഗ്രാമും വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ആക്രമണത്തിനും വഞ്ചനക്കുമുള്ള ആഹ്വാനങ്ങളെ തടയാറുണ്ടെന്നും അവര്‍ പ്രതികരിച്ചു.

ഇരു പ്ലാറ്റ്‌ഫോമുകളും റഷ്യന്‍ നിയമം പാലിക്കുകയാണെങ്കില്‍ കോളുകള്‍ക്ക് മാത്രമുള്ള ലോക്കിങ് നടപടികള്‍ പിന്‍വലിക്കാമെന്ന് റഷ്യന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlight: Russia restricts Telegram and WhatsApp calls

We use cookies to give you the best possible experience. Learn more