ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ആവശ്യമുള്ളത്ര എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവ്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായത്ര ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തയ്യാറാണെന്ന അലിപോവിന്റെ പ്രതികരണം.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ലെന്നും രാജ്യത്തിന്റെ സ്വന്തം ഊര്‍ജ ആവശ്യങ്ങളും ദേശീയ വികസനവും മുന്‍നിര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു.
റഷ്യന്‍ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളും അധിക തീരുവകളും സമ്മര്‍ദം ചെലുത്താനുള്ള തന്ത്രം മാത്രമാണെന്ന് അലിപോവ് പറഞ്ഞു.
റഷ്യയേക്കാള്‍ മികച്ച വിലയില്‍ എണ്ണ നല്‍കാന്‍ കഴിയുന്നവര്‍ക്ക് അത് ചെയ്യാമെന്നും പകരം ഉപരോധങ്ങളും തീരുവകളും ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ സമ്മര്‍ദത്തിനിടയിലും ഇന്ത്യ സ്വന്തം ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തമാണെന്നും റഷ്യന്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 2022ന് ശേഷം ഗണ്യമായി വര്‍ധിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉക്രൈനിലെ യുദ്ധത്തിന് ഇന്ധനം നല്‍കിയതിന് ഇന്ത്യയ്ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുന്നതിനു പുറമെ ഉക്രൈനുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ റഷ്യയുടെ എണ്ണ വിത്പന തടയാന്‍ നിരവധി ശ്രമങ്ങള്‍ അമേരിക്ക നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം കണക്കിലെടുത്ത് റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യു.എസ് താത്ക്കാലിക ഇളവ് അനുവദിച്ചിരുന്നിട്ടും റഷ്യന്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഏറ്റവും കൂടുതല്‍ വാങ്ങുന്ന അഞ്ച് രാജ്യങ്ങള്‍ക്കുമേല്‍ 100 ശതമാനം വരെ തീരുവ ചുമത്തുന്നതിനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഈ ബില്‍ ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Content Highlights: Russia ready to supply India with all the oil it needs; Denis Alipov criticizes US pressure.