മോസ്‌കോ: എണ്ണ റിഫൈനറികളും താപനിലയങ്ങളും അടക്കമുള്ള ഊര്‍ജകേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച് റഷ്യയും ഉക്രൈനും പോരാട്ടം കടുപ്പിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ച രാത്രിയിലുമായി റഷ്യ ഉക്രൈന്റെ ഊര്‍ജപദ്ധതി കേന്ദ്രങ്ങളില്‍ കനത്ത ആക്രമണമാണ് നടത്തിയത്.
അതേനാണയത്തില്‍ തിരിച്ചടിച്ച ഉക്രൈന്‍ റഷ്യന്‍ നഗരങ്ങളായ ബെല്‍ഗൊറോഡിലും വൊറോനെഷിലുമുള്ള ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുകയും നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണത്തില്‍ തടസം സൃഷ്ടിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക സ്രോതസായ എണ്ണ, വാതക പദ്ധതികളിലുള്ള ആക്രമണങ്ങള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ, സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സൂചന നല്‍കി റഷ്യ രംഗത്തെത്തി.
യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ ശ്രമിക്കുന്ന യു.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ കാണുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വാര്‍ത്ത ഏജന്‍സിയായ ആര്‍.ഐ.എ നോവോസ്റ്റിയോട് പറഞ്ഞു.
ഉക്രൈനിനെതിരായ യുദ്ധവും യു.എസ് റഷ്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരിക്കും ചര്‍ച്ച. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കിയതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം.
റഷ്യയുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതെ സമാധാനത്തിലേക്ക് സഞ്ചരിക്കാനാകില്ലെന്നും ലാവ്‌റോവ് പറഞ്ഞു. ഉക്രൈന്‍ പ്രദേശങ്ങളുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്നും റഷ്യ പിന്മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ലാവ്‌റോവിന്റെ വാക്കുകള്‍.
റഷ്യയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന നാല് പ്രദേശങ്ങളില്‍ നിന്നും ഉക്രൈന്‍ സേന പിന്മാറണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ഉക്രൈനിലെ ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, തെക്ക് കെര്‍സണ്‍, സപോരിഷിയ എന്നിവിടങ്ങളില്‍ നിന്നും പിന്മാറണമെന്നാണ് റഷ്യയുടെ ആവശ്യം.
അതേസമയം, ഈ അധിനിവേശ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി പറയാമെങ്കിലും അവ വിട്ട് നല്‍കാന്‍ തനിക്ക് അധികാരമില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കിയും പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റഷ്യയുടെ ആക്രമണങ്ങളില്‍ ഉക്രൈന്റെ പ്രധാന നഗരങ്ങളിലടക്കം വൈദ്യുതി വിതരണം നിലയ്ക്കുകയും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരികയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയുടെ എണ്ണ റിഫൈനറികള്‍ക്ക് നേരെ ഉക്രൈന്‍ നടത്തിയ മുമ്പത്തെ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് പിന്നീട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ഉക്രൈന്റെ ആയുധനിര്‍മാണ പ്ലാന്റുകളിലും വാതക, ഊര്‍ജ പദ്ധതികളിലേക്കും ദീര്‍ഘദുര വ്യോമ, കര, നാവിക ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ വെളിപ്പെടുത്തല്‍.
ഒരു ലക്ഷം ഉക്രൈന്‍ ജനതയെ ഈ ആക്രമണം ബാധിച്ചുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
2022ല്‍ റഷ്യ-ഉക്രൈന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് സര്‍ക്കാരിന്റെ ഊര്‍ജ കമ്പനിയായ സെന്‍ട്രെനെര്‍ഗോ പ്രതികരിച്ചു.
കീവ്, ഖാര്‍കിവ് മേഖലകളിലെ ഊര്‍ജ പ്ലാന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഞായറാഴ്ച രാത്രിയും റഷ്യ ഉക്രൈനിലുടനീളമുള്ള ഊര്‍ജകേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. റഷ്യ വിക്ഷേപിച്ച 69 ഡ്രോണുകളില്‍ 34 എണ്ണം നിര്‍വീര്യമാക്കിയെന്ന് ഉക്രൈന്‍ വ്യോമസേന അറിയിച്ചിരുന്നു.
Content Highlight: Ukraine war: Russia prepares for peace efforts amid attacks on energy facilities; will hold talks with US