| Monday, 5th October 2026, 9:50 am

റഷ്യയില്‍ ലാബിലെ ഗവേഷക മരിച്ചു, പ്ലേഗ് ആണെന്ന് സംശയം; ഇരുന്നൂറോളം പേര്‍ ക്വാറന്റീനില്‍

ദേവിക ജയചന്ദ്രന്‍

മോസ്‌കോ: റഷ്യയിലെ ലാബോറട്ടറിയില്‍ അണുബാധയ്ക്ക് കാരണമാകുന്ന രോഗകാരി പുറത്തേക്ക് ചോര്‍ന്നതായും, സംഭവത്തില്‍ ഒരു ഗവേഷക മരിച്ചതായും റിപ്പോര്‍ട്ട്. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്(TASS) ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സൈബീരിയയിലെ ഇര്‍കുട്‌സികിന് സമീപമുള്ള ഷെലഖോവിലെ ആന്റി-പ്ലേഗ് റിസര്‍ച്ച്  ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. എന്നാല്‍ പ്ലേഗ് ആണ് മരണകാരണമെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

28 വയസുള്ള ദാരിയ ഷിപ്‌ലോവ എന്ന ഗവേഷകയാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. പ്ലേഗ് ബാക്ടീരിയ ആയ യെര്‍സിനിയ പെസ്റ്റിസ് അടങ്ങിയ ടെസ്റ്റ് ട്യൂബ് ഇവരുടെ പക്കല്‍ നിന്നും പൊട്ടിയിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെസ്റ്റ് ട്യൂബ് സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിപ്പോയതായി ഷിപ്‌ലോവ ആശുപത്രി ജീവനക്കാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് മോസ്‌കോ ടെംസ് റിപ്പോര്‍ട്ട് ചെയ്തു.

കൃത്യമായി എന്താണ് ചോര്‍ന്നതെന്ന് വ്യക്തമല്ലെന്ന് പകര്‍ച്ച വ്യാധികള്‍ കൈകാര്യം ചെയ്യുന്ന റഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സിയായ റോസ്‌പൊത്രെബ്‌നാഡ്‌സോര്‍ അറിയിച്ചു. ഷിപ്‌ലോവയുമായി സമ്പര്‍ക്കത്തില്‍ വന്നെന്ന് കരുതുന്ന ഇരുന്നൂറോളം പേരെ മെഡിക്കല്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ലാബോറട്ടറി പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂമോണിക് പ്ലേഗിന്റെ സാധ്യതയെക്കുറിച്ച് അറിയാമെന്നും സി.ഡി.സി സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ വേഗത്തില്‍ പരസ്യമായി പങ്കിടാന്‍ റഷ്യന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: Russia plague scare: Nearly 200 face quarantine after lab worker dies.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more