| Saturday, 4th October 2025, 10:54 pm

റഷ്യ - പാകിസ്ഥാന്‍ ആയുധ ഇടപാട് മോദിയുടെ നയതന്ത്രത്തിന്റെ പരാജയം; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധമുള്ള റഷ്യ പാകിസ്ഥാനുമായി ആയുധ ഇടപാട് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ്.

ഇന്ത്യയുടെ എതിര്‍പ്പ് വകവെയ്ക്കാതെയാണ് റഷ്യ പാകിസ്ഥാന്റെ ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് ആര്‍.ഡി-93 എം.എ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നത്.

ഇതോടെയാണ് ഇന്ത്യയുടെ വിദേശനയത്തില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വ്യക്തിപരമായ നയതന്ത്ര’ത്തിന്റെ പരാജയമാണ് റഷ്യ-പാകിസ്ഥാന്‍ ആയുധ ഇടപാടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിച്ചു.

ഇന്ത്യയുടെ സുപ്രധാന സഖ്യകക്ഷിയായ റഷ്യ ഇപ്പോള്‍ എന്തിനാണ് പാകിസ്ഥാനെ സൈനികമായി സഹായിക്കുന്നതെന്ന് ജയറാം രമേശ് ചോദ്യം ചെയ്തു.

പാകിസ്ഥാന്റെ ജെ.എഫ്-17 ബ്ലോക്ക് – III ജെറ്റുകളില്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ചതായി പറയുന്ന നവീകരിച്ച എഞ്ചിനുകളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഉന്നത നയതന്ത്ര തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജയറാം രമേശ് പറഞ്ഞു.

2025 ജൂണില്‍ തന്നെ പാകിസ്ഥാന് ആയുധ സഹായം നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇടപെടല്‍ നടത്തിയിരുന്നു. എന്നിട്ടും കരാറുമായി റഷ്യ മുന്നോട്ട് പോവുകയായിരുന്നു. പാകിസ്ഥാനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

റഷ്യ, ചൈന, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

റഷ്യയുടെ നയതന്ത്രത്തില്‍ അടിക്കടിയുണ്ടാകുന്ന മാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Content Highlight: Russia-Pakistan arms deal a failure of Modi’s personalized diplomacy: Congress

We use cookies to give you the best possible experience. Learn more