| Saturday, 28th March 2026, 1:00 pm

ഈ യുദ്ധത്തില്‍ നിന്ന് ഒരു ലാഭവും റഷ്യയ്ക്ക് വേണ്ട; ഇറാന്‍ യുദ്ധത്തില്‍ റഷ്യ ലാഭംകൊയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ വിദേശകാര്യ മന്ത്രി

മുഹമ്മദ് നബീല്‍

മോസ്കോ: ഇറാനെതിരായുള്ള അമേരിക്ക – ഇസ്രഈൽ സംയുക്ത ആക്രമണത്തിനിടയിൽ ഇന്ധന വ്യാപാരത്തിലൂടെ റഷ്യ ലാഭംകൊയ്യുന്നു എന്ന ആരോപണത്തിന് മറുപടി നൽകി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ്.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ റഷ്യയ്ക്ക് അതൃപ്തിയുണ്ടെന്നും, മറ്റ് രാജ്യങ്ങളുടെ പ്രതിസന്ധികളിൽ നിന്ന് ലാഭമുണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

ഇറാനെതിരെയുള്ള ആക്രമണവും ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്‌കൃത എണ്ണ നീക്കം കുത്തനെ കുറഞ്ഞതും മൂലം എണ്ണവില കുതിച്ചുയരുന്നത് റഷ്യയ്ക്ക് ഗുണകരമാകുന്നുണ്ടോ എന്ന ഫ്രാൻസ് ടെലിവിഷന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘മറ്റുരാജ്യങ്ങളിൽ യുദ്ധമുണ്ടാകുന്നതും ആഗോള വിപണിയിൽ അസ്ഥിരതയുണ്ടാക്കുന്നതും അതുമൂലം റഷ്യൻ എണ്ണയുടെ വിലവർധിക്കുന്നതും റഷ്യക്ക് സന്തോഷം നൽകുന്ന ഒന്നല്ല,’ ലാവ്‌റോവ് പറഞ്ഞു.

അതേസമയം സംഘർഷങ്ങൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ റഷ്യയുമായി വ്യാപാരത്തിലേർപ്പെടാൻ വരുന്ന രാജ്യങ്ങളുമായി തങ്ങൾ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക ആഗോള ഊർജ വിപണികളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനുമായി ചേർന്ന് കൈക്കലാക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ കാര്യം അദ്ദേഹം ഓർമിപ്പിച്ചു.

പ്രകൃതി വിഭവങ്ങളിൽ അമേരിക്ക ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി വെനസ്വേലയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന ഭരണകൂടത്തിനെ താഴെയിറക്കുക എന്ന പേരിൽ അമേരിക്ക വെനസ്വേലയിലെ എണ്ണപ്പാടങ്ങൾ കൈവശം വച്ചിരിക്കുകയാണ്,’ സെർജി ലാവ്‌റോവ് പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം കാരണം റഷ്യയ്ക്ക് പ്രതിദിനം 150 ദശലക്ഷം ഡോളർ വരെ അധിക വരുമാനം ലഭിക്കുന്നുണ്ടെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിനാണ് ലാവ്‌റോവിന്റെ പ്രതികരണം.

അതേസമയം റഷ്യ ഏപ്രിൽ ഒന്നുമുതൽ പെട്രോൾ കയറ്റുമതി നിർത്തിവെക്കാനുള്ള തീരുമാനമെടുക്കുന്നതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

Content Highlight: Russia is not happy about war and rising oil prices: Foreign Minister Sergei Lavrov

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more