| Sunday, 25th May 2025, 8:23 pm

ഉക്രൈനില്‍ വ്യോമാക്രമണം നടത്തി റഷ്യ; കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈനെതിരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാമത്തെ രാത്രിയാണ് കീവില്‍ റഷ്യ വ്യോമാക്രമണവും ഡ്രോണാക്രമണവും നടത്തിയത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം എന്നാണ് വിവരം.

രാത്രി നടന്ന ആക്രമണത്തില്‍ കീവ് മേഖലയില്‍ നിന്ന് തന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രൈനിയന്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഉക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

367 ഡ്രോണുകളും മിസൈലുകളും ഉക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യ അയച്ചുവെന്നും ബാരേജില്‍ കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്‌സ്‌കി എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായതെന്നുമാണ് വിവരം.

ഉക്രൈനിന്റെ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും വെടിവെച്ച് വീഴ്ത്തിയെന്നും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ 95 ഉക്രേനിയന്‍ ഡ്രോണുകള്‍ വെടിവച്ചതായും 12 എണ്ണം മോസ്‌കോയ്ക്ക് സമീപം തടഞ്ഞതായും റഷ്യ അവകാശപ്പെട്ടു.

കഴിഞ്ഞ ആഴ്ച ഇസ്താബൂളില്‍ നടന്ന യോഗത്തില്‍ തടവുകാരെ കൈമാറുമെന്ന് ഉക്രൈനും റഷ്യയും ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് ശേഷം 303 തടവുകാരെ റഷ്യയും ഉക്രൈനും കൈമാറിയതായും  എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനായി ഉക്രൈന്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Content Highlight: Russia carries out airstrikes in Ukraine; 13 people including children killed

We use cookies to give you the best possible experience. Learn more