ന്യൂദൽഹി: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്തുന്ന യു.എസ് ബില്ലിനെക്കുറിച്ച് അറിയാമെന്നും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
യു.എസിന്റെ റഷ്യ ഉപരോധ ബില്ലിനെക്കുറിച്ച് തങ്ങൾക്ക് അറിയാമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഊർജ സ്രോതസുകളുടെ കാര്യത്തിൽ ആഗോള വിപണിയുടെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുക്കുന്നുവെന്നും 1.4 ബില്യൺ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ ഊർജം ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങൾ നയതന്ത്രങ്ങൾ നിർണയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു റഷ്യയില്‍ നിന്ന് എണ്ണ വ്യാപാരം നടത്തുന്ന ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് മേല്‍ 500 % താരിഫ് വര്‍ദ്ധിപ്പിക്കുന്ന ബില്ലിന് ട്രംപ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകൾ വന്നത്.
ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ മോസ്‌ക്കോയുടെ വ്യാപാര പങ്കാളികള്‍ക്ക് മേലുള്ള പ്രതികാര നടപടിയായാണ് ബില്‍ അവതരിപ്പിക്കുന്നത്.
റഷ്യൻ ഉപരോധ ബില്ലിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്ന് പ്രമുഖ പ്രതിരോധ വിദഗ്ധനും റിപ്പബ്ലിക്കന്‍ സെനറ്ററുമായ ലിന്റെ ഗ്രഹാം പറഞ്ഞു.
റഷ്യയെ സാമ്പത്തികമായി തളര്‍ത്താന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ഗ്രഹാം- ബ്ലൂമെന്റെല്‍ ബില്ല് പാസാവുന്നതിലൂടെ റഷ്യന്‍ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 500% താരിഫ് ഉയര്‍ത്താന്‍ യു.എസ് പ്രസിഡന്റിന് അധികാരം ലഭിക്കും.
Content Highlight: Russia Bilateral Sanctions Bill; Indian Ministry of External Affairs says it is closely monitoring it