കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്ന ആദ്യ ലോകരാജ്യമായി റഷ്യ. റഷ്യയുടെ തീരുമാനം വളരെ ധീരമായ ഒന്നാണെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം കാബൂളില്‍വെച്ച് ആമിര്‍ ഖാന്‍ മുത്താഖിയുമായി അഫ്ഗാനിലെ റഷ്യന്‍ അംബാസിഡര്‍ ദിമിത്രി ഷിര്‍നോവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ വെച്ചാണ് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനെ അംഗീകരിക്കാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനം അംബാസിഡര്‍ താലിബാന്‍ മന്ത്രിയെ അറിയിച്ചത്.
റഷ്യയുടെ ഈ തീരുമാനം മറ്റ് രാജ്യങ്ങള്‍ക്ക് ഒരു മാതൃക ആയിരിക്കുമെന്നും ഗുണകരമായ ബന്ധങ്ങളുടേയും പരസ്പര ബഹുമാനത്തിന്റേയും പുതിയ ഒരു ഘട്ടമായിരിക്കുമെന്നും മുത്താഖി പ്രതികരിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക അംഗീകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് സഹായകരമാകുമെന്നും ഊര്‍ജം, ഗതാഗതം, കൃഷി, അടിസ്ഥാന മേഖലകളില്‍ വാണിജ്യപരവും സാമ്പത്തികവുമായ വികസനത്തിന് പ്രചോദനം നല്‍കുമെന്നും റഷ്യ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ രാജ്യത്തെ എംബസി അടച്ച്പൂട്ടാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു റഷ്യ. ചൈന, യു.എ.ഇ, ഉസ്‌ബെക്കിസ്ഥാന്‍, പാകിസ്ഥാന് എന്നീ രാജ്യങ്ങള്‍ക്കും കാബൂളില്‍ അംബാസിഡര്‍മാരുണ്ട്. എന്നാല്‍ ഇവരൊന്നും താലിബാന്‍ സര്‍ക്കാരിനെ ഇതുവരെ അംഗീകരിച്ചിട്ടില്ല.
2022ല്‍ താലിബാനുമായി അന്താരാഷ്ട്ര സാമ്പത്തിക കരാറില്‍ ഒപ്പുവെച്ച ആദ്യത്തെ രാജ്യം റഷ്യയായിരുന്നു. അഫ്ഗാനില്‍ എണ്ണ, ഗ്യാസ്, ഗോതബ് എന്നിവ വിതരണം ചെയ്യാനും റഷ്യ സമ്മതിച്ചിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാനുമായി പൂര്‍ണ സഹകരണം ഉറപ്പ് വരുത്തുന്നതിനായി ഈ വര്‍ഷം റഷ്യ താലിബാനെ ഭീകരസംഘങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ താലിബാന്‍ ഭീകരവാദത്തിന് എതിരെ പോരാടുന്ന സഖ്യകക്ഷിയാണെന്ന് പരാമര്‍ശിച്ചിരുന്നു.
അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ രാജ്യത്തിന് നേരെ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഏകദേശം ഒമ്പത് ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് മരവിപ്പിച്ചത്.
Content Highlight: Russia becomes the first country to recognise Afghanistan Taliban government