മോസ്കോ: പശ്ചിമേഷ്യയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിച്ച് നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്.
ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ബദർ അബ്ദുലാത്തിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലാവ്‌റോവ്.
ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രഈലിന്റെയും സംയുക്ത ആക്രമണങ്ങൾ പശ്ചിമേഷ്യയിലുണ്ടാക്കിയ പ്രതിസന്ധികളാണ് തങ്ങൾ ചർച്ച ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യപ്പെടുകയല്ല ചെയ്യേണ്ടത് മറിച്ച് സംഘർഷങ്ങൾ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ വിഷയത്തിലുള്ള ചർച്ചകളെ അട്ടിമറിക്കാൻ ആരോ ബോധപൂർവ്വം ശ്രമിക്കുന്നതായി ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
‘ഇറാൻ അക്രമങ്ങളുടെ ഇരകളാണെന്നുള്ള വസ്തുതപോലും പരാമർശിക്കാത്ത പ്രമേയം അംഗീകരിക്കുന്നത് ഇറാൻ അധികാരികളെ പ്രകോപിപ്പിക്കും. ഇതിനർത്ഥം ആരോ നടക്കാൻ സാധ്യതയുള്ള ചർച്ചകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ്,’ റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച അബ്ദുലാത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയ്ക്കിടെ ഈജിപ്തിൽ ധാന്യ – ഊർജ ഹബ്ബുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് പുടിൻ നിർദ്ദേശിക്കുകയും, രാജ്യത്തേക്കുള്ള ധാന്യ വിതരണം വർധിപ്പിക്കാൻ ഉത്തരവിട്ടതായും പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് പുടിനും സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാനും ചർച്ചനടത്തിയിരുന്നു.
അതേസമയം ഇന്നലെ (വെള്ളി) ഇറാൻ അമേരിക്കയുടെയും ഇസ്രഈലിന്റെയും യുദ്ധവിമാനങ്ങളും ഡ്രോണുകളും അടക്കം വെടിവച്ചുവീഴ്ത്തിയിട്ടുണ്ട്.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രഈലും സംയുക്തമായി ഇറാനെ ആക്രമിച്ചതുമുതലാണ് സംഘർഷം ആരംഭിച്ചത്. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തിയതും ഹോർമുസ് കടലിടുക്ക് അടച്ചുമാണ് ഇറാൻ പ്രതിരോധിച്ചത്.
Content Highlight: Russia and Egypt support an immediate ceasefire in the Middle East