| Sunday, 31st August 2025, 1:41 pm

ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് തടസമാകുന്ന ഉപരോധത്തിനെതിരെ റഷ്യയും ചൈനയും ഒന്നിച്ചു: വ്‌ളാദിമിർ പുടിൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ബ്രിക്‌സ് രാജ്യങ്ങളുടെ വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധത്തിനെതിരെ റഷ്യയും ചൈനയും ഒന്നിച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ റഷ്യയും ചൈനയും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയെന്നും ആഗോള വെല്ലുവിളികളെ നേരിടാനുള്ള ബ്രിക്‌സിന്റെ കഴിവ് ശക്തിപ്പെടുത്തുന്നതില്‍ ഐക്യത്തോടെ നിലനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിക്‌സിലെ രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ പരാമര്‍ശം.

‘ബ്രിക്‌സ് രാജ്യങ്ങളുടെയും ലോകത്തിന്റെയും സാമൂഹിക- സാമ്പത്തിക വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരെ റഷ്യയും ചൈനയും ഒന്നിച്ചുനിന്നു. സുതാര്യവും യഥാര്‍ത്ഥ തുല്യതയും എന്ന തത്വത്തില്‍ ഒരു പുതിയ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കണമെന്ന് ഇരുപക്ഷവും അഭിപ്രായപ്പെടുന്നുണ്ട്.

എല്ലാ മനുഷ്യരുടെയും പുരോഗതി ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനായുള്ള ലക്ഷ്യത്തിനായി ചൈനയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും,’ വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാന്‍ എത്തിയ പുടിന്‍ ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്റര്‍നാഷണന്‍ മോണിറ്ററി ഫണ്ടും ലോകബാങ്കും പരിഷ്‌കരിക്കുന്നതിനെ റഷ്യയും ചൈനയും പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമകാലിക വെല്ലുവിളികളോടും ഭീഷണികളോടും പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര നിയമത്തില്‍ അധിഷ്ഠിതമായി കൂടുതല്‍ നീതിയുക്തമായ ലോകം രൂപപ്പെടുത്തുന്നതിന് ഷാങ്ഹായ് ഉച്ചകോടി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ചര്‍ച്ചകള്‍ നടത്തുന്നതിനും പുറമെ, രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെതിരായ വിജയത്തിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈന നടത്തുന്ന വി-ഡേ പരേഡിലും പുടിന്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും.

Content Highlight: Russia and China united against sanctions that hinder the development of BRICS countries says Vladimir Putin

We use cookies to give you the best possible experience. Learn more