| Friday, 9th May 2025, 8:57 am

റഷ്യയും ചൈനയും ചരിത്രപരമായ സത്യത്തിന്റെ ഉറച്ച സംരക്ഷകര്‍; രണ്ടാം ലോകമഹായുദ്ധത്തിലെ ഇരകളെ ഇരുരാജ്യവും ഒരിക്കലും മറക്കില്ലെന്ന് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: രണ്ടാം ലോക മഹായുദ്ധത്തിലെ ഇരകളെ റഷ്യയും ചൈനയും ഒരിക്കലും മറിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മോസ്‌കോയും ബെയ്ജിങ്ങും ചരിത്രപരമായ സത്യത്തിന്റെ ഉറച്ച സംരക്ഷകരായി തുടരുന്നുവെന്നും രണ്ടാം മഹായുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നഷ്ടപ്പെട്ട ജനങ്ങളെ ഓര്‍ക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

വ്യാഴാഴ്ച (ഇന്നലെ) നടന്ന കൂടിക്കാഴ്ചയില്‍ ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനും റഷ്യയുടെ സവിശേഷമായ ദിവസത്തില്‍ തങ്ങളോടൊപ്പം ചേര്‍ന്നതിനും പുടിന്‍ നന്ദി പറയുകയുണ്ടായി. പ്രസ്തുത കൂടിക്കാഴ്ചയിലാണ് പുടിന്‍ രണ്ടാം ലോകമഹായുദ്ധത്തിന് ഇരയായ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സ്മരിച്ചത്.

ഇരു രാജ്യങ്ങളു രണ്ടാം ലോകമഹായുദ്ധത്തില്‍ ചെയ്ത ത്യാഗങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സോവിയറ്റ് യൂണിയന്‍ 27 ദശലക്ഷം പേരുടെ ജീവന്‍ നല്‍കിയെന്നും പുടിന്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ചൈനയുടെ യുദ്ധത്തില്‍ 37 ദശലക്ഷം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് ഈ വിജയം കൈവരിക്കാന്‍ സാധിച്ചതെന്നും പുടിന്‍ പറഞ്ഞു.

ഫാസിസത്തിനെതിരായ വിജയത്തിന്‌റെ പ്രാധാന്യവും പുടിന്‍ എടുത്ത് പറഞ്ഞു. റഷ്യയും ചൈനയും നവ നാസിസത്തിന്റെയും സൈനികതയും നിലവിലെ പ്രവണതകള്‍ക്കെതിരെ പോരാടുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

നാസി ജര്‍മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 80ാം വാര്‍ഷികവുമായി ബന്ധപ്പെട്ട മോസ്‌കോയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുമെന്ന് കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് ചൈനീസ് പ്രസിഡന്റെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇംപീരിയല്‍ ജപ്പാനെതിരായ വിജയാഘോഷങ്ങള്‍ക്ക് തന്നെ ക്ഷണിച്ചതിലും ഷി ജിന്‍പിങ്ങിനോട് പുടിന്‍ നന്ദി പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഹൃത്ത് രാജ്യമായ ചൈനയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Russia and China are staunch defenders of historical truth; Putin says both countries will never forget the victims of World War II

We use cookies to give you the best possible experience. Learn more