| Thursday, 8th May 2025, 4:11 pm

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 2000 അധിക മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ച് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കൊ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് റഷ്യ. ഏകദേശം 2000 സീറ്റുകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി റഷ്യ വര്‍ധിപ്പിച്ചത്. റഷ്യന്‍ സര്‍വകലാശാലകളില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ നീക്കം.

സര്‍വകലാശാലകളില്‍ 2000 അധിക സീറ്റുകള്‍ അനുവദിച്ചതായി റഷ്യന്‍ കോണ്‍സുലേറ്റ് ജനറലിലെ കോണ്‍സല്‍ ജനറല്‍ വലേരി ഖോഡ്ഷേവ് പറഞ്ഞു. വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യയാണ് ഏറ്റവും മികച്ച ചോയ്സെന്നും വലേരി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ റഷ്യന്‍ സര്‍വകലാശാലകള്‍ക്ക് വര്‍ഷങ്ങളായുള്ള പാരമ്പര്യമുണ്ടെന്നും വലേരി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി റഷ്യയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. 2024ല്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 8,000ല്‍ നിന്ന് 10,000 ആയി റഷ്യ വര്‍ധിപ്പിച്ചിരുന്നുവെന്നും കോണ്‍സണ്‍ ജനറല്‍ പറഞ്ഞു.

കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച പഠനാന്തരീക്ഷമാണ് റഷ്യ നല്‍കുന്നതെന്നും വലേരി ഖോഡ്ഷേവ് പത്രക്കുറിപ്പില്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലേത് പോലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യ 100 ശതമാനം സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം അനുവദിക്കുമെന്ന് റഷ്യന്‍ ഹൗസ് വൈസ് കോണ്‍സലും ഡയറക്ടറുമായ അലക്‌സാണ്ടര്‍ ഡോഡോനോവ് പറഞ്ഞു. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഗവേഷണങ്ങള്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിദേശ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്ന ഒരേയൊരു വിദേശ രാജ്യം കൂടിയാണ് റഷ്യ. 2025-26 അധ്യയന വര്‍ഷത്തേക്കുള്ള അഖിലേന്ത്യാ റഷ്യന്‍ വിദ്യാഭ്യാസ മേള മെയ് 10, 11 തീയതികളില്‍ റഷ്യന്‍ സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് കള്‍ച്ചറില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

ഇതേദിവസം കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സമാനമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോടെക്നോളജി, ഡാറ്റാ സയന്‍സ് തുടങ്ങിയ നൂതന മേഖലകളിലെ പ്രോഗ്രാമുകളും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതാണ്.

വോള്‍ഗോഗ്രാഡ് സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ഇമ്മാനുവല്‍ കാന്റ് ബാള്‍ട്ടിക് ഫെഡറല്‍ യൂണിവേഴ്‌സിറ്റി, കസാന്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, നാഷണല്‍ റിസര്‍ച്ച് ന്യൂക്ലിയര്‍ യൂണിവേഴ്‌സിറ്റി, മോസ്‌കോ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മോസ്‌കോ സ്റ്റേറ്റ് റീജിയണല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Russia adds 2,000 medical seats for Indian students: Consul General

We use cookies to give you the best possible experience. Learn more