| Sunday, 29th November 2026, 2:00 pm

റോക്കി ഭായ് അല്ല മക്കളേ... ഇത് മാര്‍ക്കോ ഭായ്: മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ലോര്‍ഡ് മാര്‍ക്കോയാകാന്‍ യഷ്?

അമര്‍നാഥ് എം.

മോളിവുഡില്‍ പലരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ 2. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയിരുന്നു. രണ്ടാം ഭാഗത്തിനും വലിയൊരു സിനിമാറ്റിക് യൂണിവേഴ്‌സിനും സാധ്യത നല്‍കിക്കൊണ്ടാണ് മാര്‍ക്കോ അവസാനിച്ചത്. ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ കാട്ടാളന്‍ അവസാനിച്ചതും മാര്‍ക്കോയുടെ കണക്ഷന്‍ കാണിച്ചുകൊണ്ടായിരുന്നു.

എന്‍ഡ് ക്രെഡിറ്റില്‍ ലോര്‍ഡ് മാര്‍ക്കോ എന്ന കഥാപാത്രത്തിന്റെ അനിമേഷന്‍ രൂപം മാത്രമായിരുന്നു കാണിച്ചത്. ഈ കഥാപാത്രമായി ആര് എത്തുമെന്ന ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമായിരുന്നു. മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദനും നിര്‍മാതാവ് ഷരീഫ് മുഹമ്മദും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായെന്ന റൂമറുകള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റ് നടന്മാരുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

കാട്ടാളൻ.Photo:Imdb/Cinejosh

മോളിവുഡിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ പേരുകള്‍ മുന്‍നിരയിലുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മറ്റൊരു താരത്തിന്റെ പേരും ചര്‍ച്ചയിലേക്കെത്തി. പാന്‍ ഇന്ത്യന്‍ താരം യഷ് ലോര്‍ഡ് മാര്‍ക്കോയായി വേഷമിട്ടേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാര്‍ക്കോയുടെ നിര്‍മാതാവിനെയും മറ്റ് ക്രൂ മെമ്പര്‍മാരെയും യഷ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതിന് പിന്നാലെയാണ് ഈ ചര്‍ച്ച വീണ്ടും ആരംഭിച്ചത്.

ലോര്‍ഡ് മാര്‍ക്കോയായി യഷ് എത്തിയേക്കുമെന്ന് പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നു. റൂമറുകള്‍ ശരിയാണെങ്കില്‍ മോളിവുഡിലേക്ക് റോക്കി ഭായ്‌യുടെ ഗംഭീര എന്‍ട്രി കാണാനാകുമെന്നാണ് സിനിമാപേജുകളുടെ കമന്റ്. നല്ല രീതിയില്‍ ഒരുക്കിയാല്‍ ഗംഭീര പൊട്ടന്‍ഷ്യലുള്ള സബ്ജക്ടാണ് ലോര്‍ഡ് മാര്‍ക്കോയെന്നും നിര്‍മാതാക്കള്‍ നിരാശപ്പെടുത്തില്ലെന്നും കമന്റുകളുണ്ട്.

മാര്‍ക്കോയും കാട്ടാളനും പോലെ വെറുതെ വയലന്‍സ് കുത്തിക്കയറ്റാതെ ഗ്രാന്‍ഡ് ആക്ഷന്‍ സീനുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എല്ലാവര്‍ക്കും കണക്ടാകുന്ന തരത്തില്‍ മാസ് ആക്ഷന്‍ സിനിമ ചെയ്യാന്‍ കഴിവുള്ള എഴുത്തുകാരും സംവിധായകരും മലയാളത്തില്‍ കുറവാണെന്നും സിനിമാപേജുകള്‍ അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

കാട്ടാളന് ശേഷം ഷരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സ് മമ്മൂട്ടിയെ നായകനാക്കി പ്രൊജക്ട് അനൗണ്‍സ് ചെയ്തിരുന്നു. ഖാലിദ് റഹ്‌മാന്‍ ഈ പ്രൊജക്ടിന്റെ സംവിധായകനാകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഖാലിദ് പിന്മാറി. അന്‍വര്‍ റഷീദ്, അമല്‍ നീരദ് തുടങ്ങി വമ്പന്മാരുടെ പേരാണ് ക്യൂബ്‌സുമായുള്ള പ്രൊജക്ടില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

Content Highlight: Rumors that Yash will play as Lor Marco in Marco 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more