| Tuesday, 26th August 2025, 9:43 pm

റീഷൂട്ട്, കാസ്റ്റിങ് മാറ്റം, ബജറ്റ് 600 കോടി, ഗീതു മോഹന്‍ദാസിന് പകരം സംവിധാനം ഏറ്റെടുത്ത് യഷ്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റിന് ശേഷം ഇന്ത്യന്‍ സിനിമയുടെ സെന്‍സേഷനായി മാറിയ നടനാണ് യഷ്. കെ.ജി.എഫ് 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും യഷിന്റേതായി ഒരൊറ്റ സിനിമയും പുറത്തിറങ്ങിയിട്ടില്ല. പല പ്രൊജക്ടുകളും താരത്തെ വെച്ച് ചെയ്യുമെന്ന് റൂമറുകളുണ്ടായെങ്കിലും യഷ് കൈകൊടുത്തത് മലയാളിയായ ഗീതു മോഹന്‍ദാസിനായിരുന്നു.

മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഷ് നായകനാകുന്നു എന്ന വാര്‍ത്ത സിനിമാലോകത്തെയൊന്നാകെ ഞെട്ടിച്ചു. മുന്‍ ചിത്രങ്ങള്‍ പോലെ ഓഫ്ബീറ്റ് സിനിമയാകില്ല ടോക്‌സിക് എന്ന് ടൈറ്റില്‍ പോസ്റ്ററിലൂടെ ഗീതു തെളിയിച്ചു. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഇതിനിടയല്‍ നിര്‍മാതാക്കളും ഗീതു മോഹന്‍ദാസും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ചിത്രം ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്നുമുള്ള തരത്തില്‍ റൂമറുകള്‍ വന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് നിര്‍മാതാക്കളും യഷും രംഗത്ത് വരികയും ചെയ്തു. യഷിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു. കെ.ജി.എഫിലേത് പോലെ സ്‌റ്റൈലിഷായാണ് യഷിനെ ഗീതു മോഹന്‍ദാസ് പ്രസന്റ് ചെയ്തത്.

എന്നാല്‍ ഷൂട്ട് ആരംഭിച്ച് രണ്ട് വര്‍ഷത്തോളമായിട്ടും 60 ശതമാനം മാത്രമേ പൂര്‍ത്തിയായുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ബജറ്റ് 600 കോടിയും കടക്കുമെന്നും കേള്‍ക്കുന്നു. സിനിമക്ക് വേണ്ടി ബെംഗളൂരുവില്‍ വലിയരീതിയില്‍ മരങ്ങള്‍ വെട്ടിയത് വലിയ വാര്‍ത്തയാവുകയും നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

നിലവില്‍ മുംബൈയിലാണ് ടോക്‌സിക്കിന്റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. 45 ദിവസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളില്‍ വമ്പന്‍ ആക്ഷന്‍ സീനാണ് പൂര്‍ത്തിയാക്കുന്നത്. ജോണ്‍ വിക്ക് സീരീസ്, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്നിവക്കായി ആക്ഷന്‍ സീനുകളൊരുക്കിയ ജെ.ജെ. പെറിയാണ് ഈ ആക്ഷന്‍ സീന്‍ ഒരുക്കുന്നത്.

ചിത്രത്തില്‍ ഗീതു മോഹന്‍ദാസിനെ മാറ്റി യഷ് സംവിധാനച്ചുമതല ഏറ്റെടുത്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ചിത്രത്തിലെ മറ്റ് ടെക്‌നീഷ്യന്മാരെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവിട്ടിട്ടില്ല. ടോക്‌സിക്കിന് പിന്നാലെ ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമായണയിലും യഷ് ഭാഗമാകുന്നുണ്ട്. രാവണനായാണ് യഷ് രാമായണയില്‍ വേഷമിടുന്നത്.

Content Highlight: Rumors that Yash is ghost directing Toxic Movie instead of Geetu Mohandas

We use cookies to give you the best possible experience. Learn more